വ്യക്തിബന്ധങ്ങള്‍ പാര്‍ട്ടി തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍; ഉചിതമായ തീരുമാനം കെപിസിസി എടുക്കുമെന്ന് ഹൈബി ഈഡന്‍

സൈബർ ആക്രമണങ്ങളെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഹൈബി ഈഡൻ എംപി

Update: 2025-12-03 05:39 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസില്‍ പാര്‍ട്ടിയുടെ തീരുമാനം തന്നെയാണ് തന്റെയും തീരുമാനമെന്ന് ഷാഫി പറമ്പില്‍ എംപി. വ്യക്തിപരമായ ബന്ധങ്ങള്‍ പാര്‍ട്ടിയുടെ തീരുമാനത്തെ ബാധിച്ചിട്ടില്ലെന്നും രാഹുലിനെതിരായ നടപടി കെപിസിസി അധ്യക്ഷന്‍ പറയുമെന്നും ഷാഫി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടെന്നും വ്യവസ്ഥാപിതമായ നടപടി കെപിസിസി സ്വീകരിക്കുമെന്നും ഹൈബി ഈഡന്‍ എംപി പ്രതികരിച്ചു.

കേരളത്തിലെ ഏറ്റവും വലിയ മോഷണമായ ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയെ സംരക്ഷിക്കുന്നതിനായി ഇടത് സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. കാരണം അയാള്‍ കൂടുതല്‍ വല്ലതും പറഞ്ഞാല്‍ തങ്ങളും അകത്താകുമെന്ന ഭയമാണ് അവര്‍ക്ക്. എന്നാല്‍, രാഹുലിന്റെ വിഷയത്തില്‍ പാര്‍ട്ടി കൃത്യമായ നിലപാടെടുത്തു. ഷാഫി പറമ്പില്‍ പറഞ്ഞു.

Advertising
Advertising

ലൈംഗികാരോപണം നേരിടുന്ന നേതാക്കളെ കുറിച്ചുള്ള ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായി ഉപയോഗിക്കുകയാണ്. മറ്റ് പാർട്ടികളിലും ഇത്തരത്തിലുള്ള ആരോപണങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്. രാഹുലുമായി തനിക്ക് അടുപ്പമുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കാണ് താനും പ്രയത്‌നിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു വിഷയം വന്നതോടെ മറ്റേത് പാര്‍ട്ടിയും സ്വീകരിക്കുന്നതിനേക്കാള്‍ ശക്തമായ നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ പാര്‍ട്ടിയുടെ തീരുമാനം തന്നെയാണ് തന്റെയും തീരുമാനം.' വ്യക്തിപരമായ ബന്ധങ്ങള്‍ പാര്‍ട്ടിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

രാഹുലിനെതിരായ വിഷയത്തിൽ പാർട്ടി ഒറ്റക്കെട്ടാണെന്നും ഉചിതമായ തീരുമാനം കെപിസിസി സ്വീകരിക്കുമെന്നുമായിരുന്നു ഹൈബി ഈഡൻ എംപിയുടെ പ്രതികരണം. 'രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എന്ത് നടപടിയെടുക്കണമെന്ന് മാധ്യമങ്ങളുടെ അഭിപ്രായം പരിഗണിച്ചല്ല തീരുമാനിക്കുന്നത്. പരാതിക്കാരന്‍ ഇല്ലാതിരുന്ന സമയത്ത് പോലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്നും അദ്ദേഹത്തെ പാര്‍ട്ടി നീക്കം ചെയ്തതാണ്. വ്യവസ്ഥാപിതമായ രീതിയില്‍ ഉചിതമായ നടപടി തന്നെ കെപിസിസി സ്വീകരിക്കും.' ഹൈബി പറഞ്ഞു.

'നേരത്തെ സിപിഎമ്മിനകത്തുള്ള നിരവധി നേതാക്കള്‍ക്കെതിരെയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ചിലര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അവര്‍ തയ്യാറായിട്ടില്ല'. കോണ്‍ഗ്രസ് മാതൃകാപരമായ നടപടിയെടുക്കുമെന്നും എംപി പറഞ്ഞു. അതിജീവിതയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി അത്തരം പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നായിരുന്നു എംപിയുടെ മറുപടി.

'കോണ്‍ഗ്രസിന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് അത്തരത്തില്‍ അധിക്ഷേപിക്കുന്ന പോസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. ചില ഫേക്ക് അക്കൗണ്ടുകള്‍ അത്തരം പ്രവര്‍ത്തി ചെയ്യുന്നത് എങ്ങനെ പാര്‍ട്ടിയുടെ പേരിലാക്കാനാകും'. യഥാര്‍ഥ കോണ്‍ഗ്രസുകാരന്‍ അത്തരമൊരു കൃത്യം ചെയ്യുകയില്ലെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുലിന് സംരക്ഷണം ഒരുക്കാൻ ഒരിക്കലും കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്ന് ജെബി മേത്തർ എംപി പ്രതികരിച്ചു. സ്ത്രീപക്ഷ നിലപാടാണ് കോൺഗ്രസ് എപ്പോഴും സ്വീകരിച്ചത്. മഹിളാ കോൺഗ്രസ്‌ അധ്യക്ഷ എന്ന നിലയിൽ ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ലെന്നും ജെബി മേത്തർ പറർഞ്ഞു.

ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു യുവതി കൂടി പീഡനപരാതിയുമായി കെപിസിസിയെ സമീപിച്ചിരുന്നു. ഈ പരാതി കെപിസിസി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. യുവതിയെ നേരില്‍ക്കണ്ട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെടും. ഇതിന് ശേഷമാകും കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയും തിരുവന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News