'അറിയിക്കാതെ പരിപാടി നടത്തി'; രാഹുൽ മാങ്കൂട്ടത്തിൽ KSRTC ബസ് ഫ്ലാഗ് ഓഫ് ചെയ്തതിനെച്ചൊല്ലി കോൺഗ്രസിലും എതിര്‍പ്പ്

എന്തുകൊണ്ട് തങ്ങളെ അറിയിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു

Update: 2025-10-06 06:16 GMT
Editor : Lissy P | By : Web Desk

photo| mediaone

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ കെഎസ്ആര്‍ടിസി  ബസ് ഫ്ലാഗ് ഓഫ് ചെയ്തതിനെ ചൊല്ലി കോൺഗ്രസിലും എതിര്‍പ്പ്. അറിയിക്കാതെ പരിപാടി നടത്തിയെന്ന് കാണിച്ച് കോൺഗ്രസ് നേതാവും പാലക്കാട് നഗരസഭ കൗൺസിലറുമായ മൻസൂർ മണലാഞ്ചേരിയാണ് പ്രതിഷേധിച്ചത്. പുത്തൂരിൽ നിന്നുള്ള ആളുകൾ എത്തിയിട്ടും പുതുപ്പള്ളി തെരുവിൽ നിന്നുള്ളവരെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്.ബ്ലോക്ക് കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിലാണ് മൻസൂർ ശബ്ദ സന്ദേശം ഇട്ടത്.

പുത്തൂരിൽ നിന്നുള്ള ആളുകൾ പരിപാടിക്കെത്തി.എന്നാൽ പുതുപ്പള്ളി തെരുവിൽ നിന്നുള്ളവരെ അറിയിച്ചില്ല. രഹസ്യമായി നടത്തിയ പരിപാടിയുടെ വിവരങ്ങൾ തങ്ങൾ ചോർത്തും എന്നതിനാലാണോ അറിയിക്കാതിരുന്നത് എന്നും എന്തുകൊണ്ട് തങ്ങളെ അറിയിച്ചില്ല എന്ന് വ്യക്തമാക്കണമെന്നും മൻസൂർ വാട്ട്സാപ്പ് ഗ്രൂപ്പിലിട്ട ശബ്ദ സന്ദേശത്തില്‍ പറയുന്നു.

Advertising
Advertising

അതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയെ കെഎസ്ആര്‍ടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിൽ പങ്കെടുപ്പിച്ചതിൽ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു.   പാലക്കാട് ജില്ലാ ട്രാൻസ് പോർട്ട് ഓഫീസറെയാണ് നേതാക്കള്‍ ഉപരോധിച്ചത്. ജില്ലാ സെക്രട്ടറി കെ. സി റിയാസുദ്ദീൻ, ആർ ജയദേവ് എന്നിവർ അടങ്ങുന്ന സംഘമാണ് ഉപരോധിച്ചത്.

പുതുതായി തുടങ്ങിയ പാലക്കാട് - ബംഗളൂരു കെഎസ്ആർടിസി എസി ബസ് സർവീസ് ആണ് ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തത്. പൊതുപരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് കെഎസ്ആർടിസിയുടെ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. ലൈംഗിക ആരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് സർക്കാർ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News