കോൺഗ്രസ്‌ പാർട്ടി നേതാക്കളെ തെരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയയിലൂടെയല്ല; അടൂര്‍ പ്രകാശ്

എനിക്ക് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി സോഷ്യൽ മീഡിയയിൽ 'പൊരുതുവാനും' ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല

Update: 2021-05-29 05:22 GMT
Editor : Jaisy Thomas | By : Web Desk

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് തന്‍റെ പേരും ഉള്‍പ്പെടുത്തി സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കെതിരെ പ്രതികരിച്ച് അടൂര്‍ പ്രകാശ് എം.പി. തനിക്ക് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി സോഷ്യൽ മീഡിയയിൽ 'പൊരുതുവാനും' താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അടൂര്‍ പ്രകാശിന്‍റെ കുറിപ്പ്

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് എന്‍റെ പേരും ഉൾപ്പെടുത്തി ഈ അടുത്ത ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നതായി ശ്രദ്ധയിൽ വന്നതുകൊണ്ടാണ് ഇത് ഇവിടെ കുറിക്കുന്നത്... കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായാണ് ഞാൻ രാഷ്ട്രീയത്തിൽ എത്തിയത്. യൂത്ത് കോൺഗ്രസിലും കെപിസിസിയിലും വിവിധ ചുമതലകളും പലവട്ടം എം.എല്‍.എആയും ആദ്യം ഭക്ഷ്യ വകുപ്പിന്റെയും പിന്നീട് ആരോഗ്യവകുപ്പിന്റെയും തുടർന്ന് റെവന്യൂ വകുപ്പിന്റെയും മന്ത്രിയായും എം.പിആയും പ്രവർത്തിക്കാൻ പാർട്ടി എന്നെ ചുമതലപ്പെടുത്തി.

Advertising
Advertising

പാർട്ടി ഏൽപ്പിച്ച ചുമതലകൾ ഏറ്റവും വിശ്വസ്ഥതയോടും ആത്മാർത്ഥതയോടും ചെയ്തിട്ടുണ്ട് എന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്. ഏതെങ്കിലും പാർട്ടി പദവിക്കായി ഞാൻ ആരെയെങ്കിലും ഇതേവരെ സമീപിക്കുകയോ എനിക്ക് വേണ്ടി വാദിക്കാനായി ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. കോൺഗ്രസ്‌ പാർട്ടി നേതാക്കളെ തിരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയയിലൂടെയല്ല എന്ന് ഉത്തമ ബോധ്യം ഉള്ളയാളാണ് ഞാൻ. എനിക്ക് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി സോഷ്യൽ മീഡിയയിൽ 'പൊരുതുവാനും' ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പാർട്ടിയിൽ ആര് ഏതൊക്കെ സ്ഥാനങ്ങൾ വഹിക്കണമെന്ന് തീരുമാനം എടുക്കുന്നത് എ.ഐ.സി.സി നേതൃത്വമാണ്. എ.ഐ.സി.സി നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ചു പ്രവർത്തിക്കുക എന്നതാണ് പാർട്ടിയെ സ്നേഹിക്കുന്ന ഞാനും അതുപോലെ നിങ്ങൾ ഓരോരുത്തരും ചെയ്യേണ്ടത് എന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News