നാഥനില്ലാതെ ഡിസിസി; നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂർ വാരിക്കുഴിയാകുമെന്ന് ഭയന്ന് കോണ്‍ഗ്രസ്

80 പഞ്ചായത്തിലും സംഘടനാ പ്രശ്നങ്ങള്‍

Update: 2025-01-27 06:16 GMT

തൃശൂർ: ഡി സി സി പ്രസിഡന്റ് ഇല്ലാതായിട്ട് മാസങ്ങളായ തൃശൂരിൽ കോൺഗ്രസ് പ്രവർത്തനം സന്പൂർണമായി അവതാളത്തിൽ. നാഥനില്ലാ കളരിയായി മാറിയ തൃശൂരിലെ കോൺഗ്രസിന്റെ പരാജയം, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ അധികാര സാധ്യതയെത്തന്നെ അട്ടിമറിക്കുമെന്ന ആശങ്ക കോൺഗ്രസിൽ ശക്തമാണ്. തൃശൂരില്‍ അഞ്ച് സീറ്റെങ്കിലും ജയിക്കാതെ സംസ്ഥാന ഭരണം യുഡിഎഫിന് സ്വപ്നം കാണാനാവില്ല. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ നിലവിലുള്ള ഒരു സീറ്റുതന്നെ നിലനിർത്തുന്നത് എങ്ങിനെയെന്നാണ് പാർട്ടിക്കുള്ളിലുയരുന്ന ചോദ്യം.

കെ കരുണാകരനും സിഎന്‍ ബാലകൃഷ്ണനും കരുത്തരായി വിരാജിച്ച തൃശൂരില്‍ കോണ്‍ഗ്രസ് കൊടിയിറങ്ങുകയാണെന്ന് പറയാവുന്ന സ്ഥിതിയാണ്. 40 ശതമാനം ബൂത്തുകളിലും ഒരു കോണ്‍ഗ്രസ് പ്രവർത്തകന്‍ പാലമല്ലെന്ന് ഡിസിസി തന്നെ കണ്ടെത്തിയത്. നിലവിൽ ഭാരവാഹി പട്ടികയിലുള്ളവരെ പാർട്ടി യോഗങ്ങളിലോ പരിപാടികളിലോ കാണാനാകില്ല.

Advertising
Advertising

പാർട്ടി പരിപാടിക്ക് വരുന്നവരൊന്നും ഭാരവാഹികളുമല്ല. നേതാക്കളുടെ കസേരയില്‍ 20 വർഷത്തിലേറെയായി സ്ഥിരമായിരിക്കുന്നവരുണ്ട്. തൃശൂർ ജില്ലയിലെ മണ്ഡലം (പഞ്ചായത്ത് ) മുതല്‍ ഡിസിസി വരെ കോണ്‍ഗ്രസിന്‍റെ സ്ഥിതി ഇതാണ്.

പാർട്ടിക്കാരായ ചിലരുടെ നിയന്ത്രണത്തില്‍ സഹകരണ ബാങ്കുകളോ മറ്റു സ്ഥാപനങ്ങളോ പ്രവർത്തിക്കുന്ന സ്ഥലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിനിപ്പോൾ വിലാസമുള്ളത്.എ , ഐ ഗ്രൂപ്പുകള്‍ക്ക് ഇപ്പോള്‍ പഴയ പ്രസക്തിയില്ലാത്തതിനാൽ പ്രാദേശിക നേതാക്കള്‍ക്കെല്ലാം സ്വന്തമായി ഗ്രൂപ്പുകളാണ്. ഗ്രൂപ്പ് നേതാക്കളെല്ലാം ഒരു പക്ഷത്ത് നിന്ന് പ്രവർത്തകർക്കെതിരെ യുദ്ധം ചെയ്യുന്ന സ്ഥലങ്ങൾപോലും ജില്ലിയിലുണ്ട്. കുന്നംകുളം മണ്ഡലത്തിലെ കടവല്ലൂർ പഞ്ചായത്തില്‍ മൂന്ന് വർഷമായി എ, ഐ ഗ്രൂപ്പുകൾ തമ്മിൽ പൊരിഞ്ഞ പോരിലായിരുന്നു.

ഡിസിസിയെയും കെപിസിസിയെയുമെല്ലാം പ്രശ്ന പരിഹാരത്തിന് സമീപിച്ചെങ്കിലും ആരും പരിഗണിച്ചില്ല. ഒടുവിൽ രണ്ടു ഗ്രൂപ്പുകാരും മുന്‍കയ്യെടുത്ത് ഒരുമിച്ചിരുന്ന് പ്രശ്നം തീർത്തു. ഒരു പ്രത്യേകതയുള്ളത് ഇപ്പോള്‍ നാലു ഗ്രൂപ്പായി എന്നതാണ്. പദവികള്‍ നാല് ഗ്രൂപ്പുകള്‍ക്ക് പങ്കിടണം. കാട്ടകാന്പാല്‍ പഞ്ചായത്തില്‍ അതിലും വിചിത്രമാണ് സ്ഥിതി. മണ്ഡലം ഭാരവാഹികളൊന്നും പ്രവർത്തിക്കാനില്ല. പ്രവർത്തിക്കുന്നവരൊന്നും ഭാരവാഹികളുമല്ല. പ്രവർത്തിക്കുന്നവരെ വെച്ച് മണ്ഡലം കമ്മിറ്റി പുന്സംഘടിപ്പിക്കണമെന്ന് ഇരുപത്തഞ്ചോളം പ്രവർത്തകർ ആവശ്യമുന്നയിച്ചു. ഗ്രൂപ്പിന് അതീതമായ ആവശ്യം എ, ഐ ഗ്രൂപ്പുകളെ നയിക്കുന്ന രണ്ട് നേതാക്കള്‍ക്കും സ്വീകാര്യമായില്ല. പ്രവർത്തകർ ഉറച്ചുനിന്നതോടെ പ്രവർത്തിക്കുന്നവരുടെ പേരുകള്‍ക്കൊപ്പം ഗ്രൂപ്പിന്റെ പേരിലുള്ള മറ്റൊരു പട്ടികയും ചേർത്ത് മണ്ഡലം കമ്മിറ്റി രൂപീകരിക്കാമെന്നായി നേതാക്കൾ. ഗ്രൂപ്പ് നേതാവ് നല്‍കിയ പട്ടികയിലുള്ളവരെ ഒരു ദിവസമെങ്കിലും യോഗത്തിന് കൊണ്ടുവന്നാല്‍ അംഗീകരിക്കാമെന്ന നിലപാടിലാണ് ഇപ്പോൾ പ്രവർത്തകർ. തൊട്ടടുത്ത മറ്റൊരു പഞ്ചായത്തില്‍ സഹകരണ ബാങ്കിലെ ജോലി പാർട്ടി പ്രവർത്തകന് നല്‍കാതെ പണം വാങ്ങി വില്‍ക്കുന്നുവെന്ന ആരോപണമാണ് മുഖ്യചർച്ച.

പരാജിതരായി പ്രതാപനും വിന്‍സെന്റും

2016 ലെ നിയമഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം  വലിയ പ്രതീക്ഷയോടെ ടി എന്‍ പ്രതാപന്‍ ഡിസിസി അധ്യക്ഷനായി. നേതൃയോഗം വിളിച്ച് ചേർത്ത ടി എന്‍ പ്രതാപന്‍ എല്ലാ മണ്ഡലം പ്രസിഡണ്ടുമാർക്കും ഒരു നോട്ട് ബുക്ക് നല്‍കി. മണ്ഡലം കമ്മിറ്റി യോഗങ്ങളുടെ മിനുട്സ് കൃത്യമായി രേഖപ്പെടുത്തണമെന്നും ഡിസിസി യോഗങ്ങളിലേക്ക് വരുന്പോള്‍ ഈ പുസ്തകം കൊണ്ടുവരണമെന്നുമായിരുന്നു നിർദേശം. പിന്നീടൊരിക്കലും പ്രതാപന്‍ ഈ പുസ്തകത്തെ കുറിച്ച് ചോദിച്ചിട്ടില്ലത്രെ. കെ സി വേണുഗോപാല്ലിന്റെ സമ്മർദ ഫലമായാണ് 2020 ല്‍ എം പി വിന്‍സന്റ് തൃശൂർ ഡിസിസി പ്രസിഡണ്ടായത്. വി എം സുധീരന്‍ ശക്തമായി എതിർത്തിട്ടും വിന്‍സെന്‍റിനായി കെ സി വേണുഗോപാല്‍ നിർബന്ധം പിടിച്ചു. വിന്‍സെന്‍റ് സന്പൂർണ പരാജയമായതോടെ ജോസ് വള്ളൂരിനെ കൊണ്ടു വന്നു. ജോസ് വള്ളൂരും പരാജയമാണെന്ന് നേതൃത്വം തിരിച്ചറിയാന്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ നാണം കെട്ട തോല്‍വി വേണ്ടി വന്നു. ഗ്രൂപ്പ് പരിഗണനയല്ലാതെ പ്രവർത്തന മികവ് പരിഗണിക്കാതെ ഡിസിസി പ്രസിഡണ്ടുമാരെ നിയമിച്ചതാണ് പ്രധാന പ്രശ്നമെന്ന് പ്രവർത്തകരും നേതാക്കളും ഒരുപോലെ പറയുന്നു. ഗ്രൂപ്പും ഗ്രൂപ്പു മാനേജർമാരും സമ്പൂർണമായി തകർന്ന് പോയ തൃശൂരില്‍ പ്രവർത്തന മികവുള്ള ഒരാളെ ഡിസിസി പ്രസിഡണ്ടായി കണ്ടെത്തുകയും അദ്ദേഹം സ്വതന്ത്രമായി പ്രവർത്തിക്കുകയും ചെയ്താല്‍ മാറ്റം കൊണ്ടുവരാനാകും.

ആരാകും പുതിയ പ്രസിഡണ്ട് ?

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരില്‍ തോറ്റതോടെ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരിനെ മാറ്റി, പകരം വി കെ ശ്രീകണ്ഠന്‍ എംപിക്ക് ചുമതല നല്‍കിയെങ്കിലും ഫലത്തില്‍ ആരുമില്ലാത്ത സ്ഥിതിയാണ്. ജില്ലാ പഞ്ചായത്തിലെ പ്രതിപക്ഷ നേതാവും പുത്തൂരില്‍ നിന്നുള്ള പ്രതിനിധിയുമായ ജോസഫ് ടാജറ്റ് ആണ് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ നിലവിൽ ഒന്നാമന്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടായി മികച്ച പ്രവർത്തനം കാഴ്ചവച്ചയാളാണ് ടാജറ്റ്. അനില്‍ അക്കരെയുടെ പേരും പരിഗണിക്കുന്നുണ്ടെങ്കിലും പുതുമുഖമെന്ന പരിഗണന പ്രധാനാമായേക്കും. ഗ്രൂപ്പ് ചേരിപ്പോരിൽ പ്രധാന കക്ഷിയാണ് എന്നത് അനില്‍ അക്കരെയുടെ സ്വീകര്യതക്ക് മങ്ങലേൽപിക്കും.

നേതാക്കളെല്ലാം പിന്‍വാങ്ങുകയും ചിലയിടങ്ങളില്‍ പ്രവർത്തകരായ ചെറുകൂട്ടങ്ങള്‍ ആവേശ പ്രകടനം നടത്തുകയും ചെയ്യുന്നതാണ് കാഴ്ച. സംഘടന എന്ന ഒന്ന് സമ്പൂർണമായി പ്രവർത്തനരഹിതമായിട്ടുണ്ട്. ചാലക്കുടിയിലെ ടി ജെ സനീഷ്കുമാർ മാത്രമാണ് ജില്ലയില്‍ പാർട്ടിയുടെയും മുന്നണിയുടേയും ഏക എംഎല്‍എ. ജില്ലയിലെ 13 സീറ്റില്‍ 12 സീറ്റും നേടിയത് എല്‍ഡിഎഫാണ്. ബഹുഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും ഭരണത്തിന് പുറത്താണ്. ഒരു തദ്ദശ സ്ഥാപനത്തില്‍ പോലും ഭരണമില്ലാത്ത നിയമസഭാ മണ്ഡലങ്ങളുമുണ്ട്. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകണമെങ്കിൽ എല്ലാ ജില്ലകളിൽ നിന്നും യു ഡി എഫിന് സീറ്റ് ലഭിക്കണം. കോൺഗ്രസിന് എക്കാലത്തും മികച്ച പിന്തുണനൽകിയ ചരിത്രമാണ് തൃശൂരിനുള്ളത്. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഇതെത്രത്തോളം ആവർത്തിക്കപ്പെടുമെന്ന് കണ്ടറിയണം.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - രാഷ്ട്രീയകാര്യ ലേഖകന്‍

contributor

Similar News