'ഇറങ്ങി പോടാ..'- കൗൺസിലറുടെ ആത്മഹത്യ, റിപ്പോർട്ടർമാരെ കയ്യേറ്റം ചെയ്ത് ബിജെപി പ്രവർത്തകർ

ക്യാമറ പിടിച്ചുവാങ്ങി, അസഭ്യം പറഞ്ഞാണ് മാധ്യമപ്രവർത്തകർക്ക് നേരെ ബിജെപി അക്രമം അഴിച്ചുവിട്ടത്... സംഘർഷത്തിനിടെ മീഡിയവൺ റിപ്പോർട്ടറെയും പ്രവർത്തകർ കയ്യേറ്റം ചെയ്തു.

Update: 2025-09-20 07:55 GMT

തിരുവനന്തപുരം: തിരുമലയിൽ കൗൺസിലർ ആത്മഹത്യ ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് ബിജെപി പ്രവർത്തകരുടെ മർദനം. ക്യാമറ പിടിച്ചുവാങ്ങി, അസഭ്യം പറഞ്ഞാണ് മാധ്യമപ്രവർത്തകർക്ക് നേരെ ബിജെപി അക്രമം അഴിച്ചുവിട്ടത്. സംഘർഷത്തിനിടെ മീഡിയവൺ റിപ്പോർട്ടർ സഫ്വാനെയും പ്രവർത്തകർ കയ്യേറ്റം ചെയ്തു.

Full View

ബിജെപിയുടെ കൗൺസിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നാണ് മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടത്. ഇറങ്ങിപ്പോകാൻ മാധ്യമപ്രവർത്തകരോട് പ്രവർത്തകർ ആക്രോശിക്കുന്നതായി പുറത്തുവരുന്ന ദൃശ്യങ്ങളിൽ കാണാം. സംഭവസ്ഥലത്ത് പൊലീസ് ഉണ്ടെങ്കിലും കാര്യമായ ഇടപെടലുണ്ടായില്ല..

Advertising
Advertising

മാധ്യമപ്രവർത്തകരുടെ ക്യാമറയും ട്രൈപോഡുമടക്കം നശിപ്പിച്ചു. ദേശാഭിമാനി ഫോട്ടോഗ്രാഫറുടെ ക്യാമറ പ്രവർത്തകർ തല്ലിത്തകർത്തു. വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ റിപ്പോർട്ടർമാർക്ക് ബിജെപി പ്രവർത്തകരുടെ ഭീഷണിയും ഉണ്ടായിരുന്നു.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം തിരുമല വാർഡ് കൗൺസിലർ അനിൽ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാർട്ടി നേതൃത്വത്തിനെതിരെ കുറിപ്പ് എഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

അനിൽ നേതൃത്വം നൽകുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകർന്നിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോൾ ബിജെപി സഹായിച്ചില്ലെന്ന ആരോപണം കുറിപ്പിലുണ്ട്. താനും കുടുംബവും ഒരു പൈസ പോലും എടുത്തില്ലെന്നുമൊക്കെ കുറിപ്പിൽ പറയുന്നു..

ഈ വിവരങ്ങൾ പുറത്തുവരാതിരിക്കാനാണ് മാധ്യമപ്രവർത്തകരെ തടഞ്ഞതെന്നാണ് വിലയിരുത്തൽ. മാധ്യമപ്രവർത്തകർ എന്ത് പറയുന്നു എന്ന് സൂഷ്മമായി നിരീക്ഷിച്ച് പ്രവർത്തകർ അവരുടെ അടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു.

കൗൺസിലർ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അനിൽ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്ന് തന്നെയാണ് മാധ്യമപ്രവർത്തകരെ ബിജെപി ഇറക്കി വിട്ടതും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News