പീഡന പരാതി: മലപ്പുറം നഗരസഭാംഗം ശശികുമാറിനെ സി.പി.എം സസ്പന്‍ഡ് ചെയ്തു

ശശികുമാര്‍ അധ്യാപകനായിരുന്ന കാലത്ത് പീഡിപ്പിച്ചെന്നാണ് പൂര്‍വ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയത്

Update: 2022-05-11 14:07 GMT

മലപ്പുറം: പീഡന പരാതിയെ തുടര്‍ന്ന് മലപ്പുറം നഗരസഭാംഗം കെ വി ശശികുമാറിനെ സി.പി.എമ്മില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് നീക്കം ചെയ്തത്. സി.പി.എം ജില്ലാ കമ്മറ്റിയുടേതാണ് നടപടി. മലപ്പുറം വെളുത്തേടത്തുമണ്ണ ബ്രാഞ്ച് അംഗമാണ് കെ വി ശശികുമാർ.

ശശികുമാര്‍ എയ്ഡഡ് സ്കൂള്‍ അധ്യാപകനായിരുന്നു. കഴിഞ്ഞ മാർച്ചിൽ വിരമിച്ചതിന് ശേഷം അധ്യാപക ജീവിതത്തെ കുറിച്ച് ശശികുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് താഴെയാണ് ആദ്യ ആരോപണം ഉയർന്നത്. തുടർന്ന് സമാന രീതിയിൽ അതിക്രമം നേരിട്ട വിദ്യാർഥിനികള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ലൈംഗികാതിക്രമം നേരിട്ട വിദ്യാർഥിനികൾ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.

നേരത്തെ സ്കൂൾ അധികൃതരോട് ചില വിദ്യാർഥികൾ ശശികുമാറിനെതിരെ പരാതി ഉന്നയിച്ചപ്പോൾ അവഗണിച്ചെന്ന് സ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മ പ്രതിനിധികൾ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപണം ഉയർന്നപ്പോൾ ശശികുമാർ ആത്മഹത്യാശ്രമം നടത്തിയിരുന്നു. നഗരസഭാ കൌണ്‍സിലര്‍ സ്ഥാനം ശശികുമാര്‍ രാജിവെച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News