രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജി വെക്കണം; പ്രതിഷേധം തുടരാൻ സിപിഎമ്മും ബിജെപിയും
തിരുത്തേണ്ട സമയത്ത് തിരുത്താതെ സംരക്ഷിച്ചവരാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഉത്തരവാദികൾ എന്ന വിമർശനം കോൺഗ്രസിനകത്തും ശക്തമാണ്
തിരുവനന്തപുരം: അശ്ലീല സന്ദേശ വിവാദത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം നഷ്ടമായ രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎ സ്ഥാനം കൂടി രാജിവെക്കണമെന്ന ആവശ്യവുമായി സിപിഎമ്മും ബിജെപിയും. ഈ ആവശ്യവുമായി പ്രതിഷേധം തുടരാനാണ് നീക്കം. രാഹുൽ മാങ്കൂട്ടത്തിലിനെ മുമ്പ് സംരക്ഷിച്ച ഷാഫി പറമ്പിൽ അടക്കമുള്ളവർക്ക് എതിരെയും പാർട്ടിക്കുള്ളിൽ വിമർശനം ഉണ്ട്.
പാർട്ടി പദവി മാത്രം ഒഴിഞ്ഞാൽ പോരെന്നാണ് സിപിഎമ്മിന്റെയും ബിജെപിയുടേയും നിലപാട്. തങ്ങൾക്ക് നേരെ ചാനൽ ചർച്ചകളിൽ പൊതുയോഗങ്ങളിൽ കടന്നാക്രമണം നടത്തിയിരുന്ന രാഹുൽ മാങ്കൂട്ടത്തെ പരമാവധി പ്രതിരോധത്തിലാക്കാനാണ് ഇവരുടെ നീക്കം. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ടും വീണ്ടും ചാറ്റുകളും വെളിപ്പെടുത്തലുകളും പുറത്ത് വന്നത് രാഹുൽ മാങ്കൂട്ടത്തെയും കൂടുതൽ പ്രതിസന്ധിയിലാക്കി. എങ്കിലും മുകേഷ് അടക്കമുള്ളവർക്ക് എതിരെ ആരോപണം ഉയർന്നപ്പോൾ എംഎൽഎ സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ഇത് ചൂണ്ടി കാട്ടിയാണ് രാഹുലിന്റെ പ്രതിരോധം.
വ്യാജ ഐഡി കാർഡ് നിർമാണ ആരോപണം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കാലത്തെ പി വി അൻവറുമായുള്ള വിവാദ കൂടിക്കാഴ്ച, വയനാട് ഫണ്ട് തട്ടിപ്പ് ആരോപണം എന്നിവയൊക്കെ ഉയർന്ന ഘട്ടത്തിലും പാർട്ടി നേതൃത്വവും രാഹുലിന്റെ ഒപ്പം അണിനിരന്നു. ഷാഫി പറമ്പിലിന്റെയും വി.ഡി സതീശന്റെയും ഒക്കെ പിന്തുണയാണ് പല ഘട്ടങ്ങളിലും രാഹുലിനെ സംരക്ഷിച്ചത്. അതിനാൽ തിരുത്തേണ്ട സമയത്ത് തിരുത്താതെ സംരക്ഷിച്ചവരാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഉത്തരവാദികൾ എന്ന വിമർശനവും കോൺഗ്രസിനുള്ളിൽ ശക്തമാണ് .