Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പാലക്കാട്: പി.കെ ശശിക്ക് എതിരെ പാലക്കാട് സിപിഎം പ്രകടനം. ബിലാലുമാരുടെ ചെരിപ്പ് നക്കികൾ ഞങ്ങടെ നേരെ പോരിന് വന്നാൽ തച്ച് തകർക്കും സൂക്ഷിച്ചോ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. മണ്ണാർക്കാട് നഗരത്തിലാണ് പ്രകടനം നടത്തിയത്.
മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ.കെ നാരയണൻ കുട്ടി അടക്കമുള്ള നേതാക്കൾ പ്രകടനത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്‌പെൻസറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി പി.കെ ശശി പങ്കെടുത്തിരുന്നു. ശശിയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് സിപിഎം പരിപാടി ബഹിഷ്‌കരിച്ചിരുന്നു. സിപിഎമ്മിനെതിരെ ശശി പരോക്ഷ വിമർശമനം ഉന്നയിച്ചിരുന്നു.
പി. കെ ശശിക്ക് മുന്നറിയിപ്പുമായി സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗം പി.എം ആർഷോ രംഗത്തെത്തിയിരുന്നു. ഏരിയ കമ്മറ്റി ഓഫീസ് ഒരോ സിപിഎം പ്രവർത്തകന്റേയും വൈകാരികതയാണ്. അതിന് നേരെ ആക്രമണം ഉണ്ടായാൽ ജനാധിപത്യപരമായ മറുപടി മാത്രമല്ല ഉണ്ടാവുക ,വൈകാരിക തിരിച്ചടിയുണ്ടാകുമെന്നും പി എം ആർഷോ പറഞ്ഞു.
പി.കെ ശശിയും പാർട്ടിയിലെ ഒരു വിഭാഗവും തമ്മിൽ ഏറെ നാളായി ശീതയുദ്ധം നിലനിൽക്കുന്നുണ്ട്. ശശിക്കെതിരെ പാർട്ടി നടപടിയെടുത്തപ്പോൾ പ്രശ്‌നം അൽപ്പം തണുത്തെങ്കിലും പാർട്ടി പദവിയിലേക്ക് തിരിച്ചെടുത്തതോടെ പ്രശ്‌നം വീണ്ടും വഷളായി. ഇതിനിടെയാണ് യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ പരിപാടിയിലേക്ക് ശശിയെ ക്ഷണിച്ചത്. ജനപ്രതിനിധി അല്ലാതിരുന്നിട്ടും ശശിയെ പരിപാടിയിലേക്ക് ക്ഷണിച്ചതിന് പിന്നിൽ രാഷ്ട്രീയമാണെന്നാണ് സിപിഎം ആരോപിക്കുന്നത്.