സിപിഎമ്മിന് സ്റ്റാലിനിസ്റ്റ് പ്രവണതയുണ്ട്; ഭരണത്തുടർച്ച അസ്വസ്ഥപ്പെടുത്തുന്നുവെന്ന് അരുന്ധതി റോയ്

കേരളത്തില്‍ ക്രിസ്ത്യൻ പള്ളികളുടെ പല വിഭാഗങ്ങളും സി.പി.എമ്മിലെത്തന്നെ ചില വിഭാഗങ്ങളും ഇസ്‍ലാമോഫോബിയയുടെ അസ്വസ്ഥകരമായ അടയാളങ്ങൾ കാണിക്കുന്നുണ്ടെന്ന് എഴുത്തുകാരി അരുന്ധതി റോയ് വിമര്‍ശിച്ചു

Update: 2021-08-15 09:41 GMT
Editor : Shaheer | By : Web Desk
Advertising

സിപിഎമ്മിന് വിമർശനങ്ങൾ സഹിക്കാൻ കഴിയാത്ത തരത്തിലുള്ള സ്റ്റാലിനിസ്റ്റ് പ്രവണതയുണ്ടെന്ന് എഴുത്തുകാരി അരുന്ധതി റോയ്. സിപിഎമ്മിലെ ചില വിഭാഗങ്ങൾ ഇസ്‍ലാമോഫോബിയയുടെ അടയാളങ്ങൾ കാണിക്കുന്നുണ്ട്. ഇത്തവണ കേരളത്തിൽ ഭരണത്തുടർച്ച സംഭവിച്ചത് തന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ ഓണപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ അരുന്ധതി പറഞ്ഞു.

സി.പി.എമ്മിന് ഒരുതരത്തിലുള്ള വിമർശനങ്ങളെയും സഹിക്കാൻ കഴിയാത്ത തരത്തിലുള്ള സ്റ്റാലിനിസത്തിന്റെ ഒരു പ്രവണതയുണ്ട്. ഇന്ന്, ഇത്രയും വർഷങ്ങൾക്കുശേഷവും ജാതിചിന്തകളെ ചോദ്യം ചെയ്യാൻ കഴിയാത്തത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു ദുരന്തമാണ്. പശ്ചിമബംഗാളിലേതുപോലെ കേരളത്തിൽ സി.പി.എം പുറത്തുപോകാത്തത് കേരളത്തിലെ ജനങ്ങൾ അവരെ അതിനനുവദിച്ചില്ല എന്നതുകൊണ്ട് മാത്രമാണ്. ഓരോ അഞ്ചുവർഷം കഴിയുമ്പോഴും അധികാരത്തിലിരിക്കുന്നവരെ പുറത്താക്കി, ഭരണകൂടത്തെ അച്ചടക്കം പഠിപ്പിച്ച് നേർവരയിൽ നിർത്തുകയായിരുന്നു ജനങ്ങൾ ഇതുവരെ. അങ്ങനെത്തന്നെയാണ് ചെയ്യേണ്ടതും. പക്ഷേ, ഇപ്രാവശ്യം ആ ചാക്രികമായ മാറ്റം മുറിഞ്ഞിരിക്കുന്നു. അതെന്നെ കുറച്ച് അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വേറൊന്നിനുമല്ല, സി.പി.എമ്മിന്റെ ഗുണത്തെക്കരുതിത്തന്നെ-അരുന്ധതി അഭിപ്രായപ്പെട്ടു.

തുടർച്ചയായി അധികാരത്തിൽ ഇരിക്കുക എന്നത് തീർച്ചയായും സ്വയം നശിപ്പിക്കപ്പെടുന്നതിനുള്ള ഒരു വഴിയാണ്. കേരളം സംഘപരിവാറിനും അതിന്റെ ഹിന്ദുരാഷ്ട്ര പ്രോജക്ടിനുമെതിരേ ശക്തമായി നിലകൊള്ളുന്നുണ്ട്. പക്ഷേ, പല സ്ഥാപനങ്ങളും ക്രിസ്ത്യൻ പള്ളികളുടെ പല വിഭാഗങ്ങളും സി.പി.എമ്മിലെത്തന്നെ ചില വിഭാഗങ്ങളും ഉൾപ്പെടെ ഇസ്‍ലാമോഫോബിയയുടെ അസ്വസ്ഥകരമായ അടയാളങ്ങൾ കാണിക്കുന്നുണ്ട്. ദലിതരോടും ആദിവാസികളോടുമുള്ള മനോഭാവത്തെക്കുറിച്ച് ഞാൻ വിശദമായിത്തന്നെ പറഞ്ഞിട്ടുള്ളതാണെന്നും അരുന്ധതി വിമർശിച്ചു.

ആദ്യ നോവലായ 'ദ് ഗോഡ് ഓഫ് സ്‌മോൾ തിങ്‌സി'ൽ കമ്യൂണിസ്റ്റ് പാർട്ടിയെ വിമർശിച്ചത് ജാതിപ്രശ്നങ്ങളെ നേരിടുന്നതിനുള്ള അതിന്റെ കഴിവില്ലായ്മകൊണ്ടാണെന്നും അവർ വ്യക്തമാക്കി. അതിൽ ഒട്ടും പശ്ചാത്താപമില്ല. ആ പാപത്തിന്, താൻ കമ്യൂണിസ്റ്റ് വിരുദ്ധ ആണെന്നൊക്കെ പറഞ്ഞ് അപമാനിക്കാൻ വായിൽതോന്നിയതൊക്കെ പറയുകയും ചെയ്തു. അത് തികച്ചും അസംബന്ധമാണ്. നമ്മുടെ രാജ്യത്തെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ക്രിസ്ത്യൻ സ്‌കൂളുകളിൽനിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും നേട്ടമുണ്ടായതുപോലെ, മാർക്സിസ്റ്റ് പാർട്ടിയുടെ സാന്നിധ്യംകൊണ്ടും അതിന്റെ പ്രവർത്തനങ്ങൾകൊണ്ടും വളരെയധികം നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നും അരുന്ധതി കൂട്ടിച്ചേർത്തു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News