കോപവും വികാരവും ചേർന്നപ്പോൾ നിയന്ത്രണം കിട്ടാതെ പോയി: സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് സെയ്താലി മജീദ്

വനിതാ ലീഗ് അംഗങ്ങൾ ഇയാൾക്കെതിരെ പ്രചാരണം നടത്തിയതിനെ തുടർന്നാണ് വനിതാ ലീഗ് അംഗങ്ങളെയും സ്ത്രീകളെയും അധിക്ഷേപിച്ച് പ്രസംഗിച്ചത്

Update: 2025-12-15 10:48 GMT

മലപ്പുറം: മലപ്പുറം തെന്നലയിൽ നടത്തിയ സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് സെയ്താലി മജീദ്. പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്ന് സെയ്താലി മജീദ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയതാണെന്നാണ് വിശദീകരണം.

സെയ്താലി മജീദിന്റെ പ്രസംഗം വാർത്തയായതോടെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സിപിഎം നേതൃത്വം തന്നെ ഇടപെട്ട് ഖേദപ്രകടനം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെയാണ് തെന്നല പഞ്ചായത്ത് ഒന്നാം വാർഡ് കൊടക്കല്ലിൽ നടത്തിയ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.

Advertising
Advertising

'നിങ്ങൾ ഇരുപത് പേരെയിറക്കിയാൽ ഇരുനൂറ് പേരെയിറക്കാനുള്ള പെൺകുട്ടികൾ ഞങ്ങളുടെ വീട്ടിലുമുണ്ട്. ഞങ്ങളുടെയൊക്കെ മക്കൾ കല്യാണം കഴിച്ചത് ഭർത്താക്കന്മാരുടെ കൂടെ അന്തിയുറങ്ങാനാണ്. വോട്ടിന് വേണ്ടി അന്യ ആണുങ്ങളുടെ മുന്നിൽ കാഴ്ചവെക്കനല്ല'. പ്രസംഗത്തിൽ സെയ്താലി പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടി ഇയാൾ ലോക്കൽ സ്‌ക്രട്ടറി സ്ഥാനത്ത് നിന്ന് നിലവിൽ മാറിയിട്ടുണ്ട്.

സെയ്താലി ഇത്തരത്തിൽ സ്ത്രീവിരുദ്ധ പ്രസംഗം നടത്തുമ്പോൾ കൂടെയുള്ളവർ കയ്യടിച്ചും ആർപ്പ് വിളിച്ചും പ്രതികരിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. വനിതാ ലീഗ് അംഗങ്ങൾ ഇയാൾക്കെതിരെ പ്രചാരണം നടത്തിയതിനെ തുടർന്നാണ് വനിതാ ലീഗ് അംഗങ്ങളെയും സ്ത്രീകളെയും അധിക്ഷേപിച്ച് പ്രസംഗിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം;

എന്റെ പ്രിയപ്പെട്ട ജനങ്ങളേ,

ഇന്നലെ തെന്നല പഞ്ചായത്ത് ഒന്നാം വാർഡ് കൊടക്കല്ലിൽ ഞാൻ നടത്തിയ പ്രസംഗത്തിൽ ഞാൻ ഒരു പരിധി കടന്നുവെന്ന് ഞാൻ തന്നെ അംഗീകരിക്കുന്നു. അത് ഒഴിവാക്കാവുന്നതായിരുന്നു — അതിൽ ഒരു സംശയവും ഇല്ല. എന്നാൽ ആ പ്രതികരണം ശ്യൂനതയിൽ നിന്നല്ല വന്നത്. അതിന് പിന്നിലെ സാഹചര്യവും പശ്ചാത്തലവും കൂടി പറയേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

ഞങ്ങളുടെ പാർട്ടി പ്രവർത്തകർ സമാധാനപരമായി നടത്തിയ ഒരു റാലിയെ, എതിര്‍പാർട്ടിയിലെ വനിതാ ലീഗ് പ്രസിഡണ്ട് “വീട് ആക്രമിച്ചു” എന്ന രീതിയിൽ ചിത്രീകരിച്ച് വ്യാജമായി ഒരു ക്രിമിനൽ കേസ് ഫയൽ ചെയ്യുവാൻ ശ്രമിച്ചു. അവിടെ യാതൊരു ആക്രമണവും നടന്നിട്ടില്ല. പ്രവർത്തകരെ പ്രകോപിപ്പിച്ച് പ്രതികരണം ഉണ്ടാക്കി, പിന്നീട് “സ്ത്രീ പീഡനം” എന്ന പേരിൽ കേസ് ചുമത്തുക — അത്തരമൊരു നീക്കമാണ് അവിടെ ശ്രമിച്ചതെന്ന് ഞാൻ കരുതുന്നു. അത് മനസ്സിലാക്കിയതിനാലാണ് ഞങ്ങളുടെ പ്രവർത്തകർ എല്ലാ പ്രകോപനങ്ങളും ബുദ്ധിപൂർവം ഒഴിവാക്കിയത്.

എന്നിട്ടും, സംഭവങ്ങളെ വളച്ചൊടിച്ച് കേസും പരാതിയുമായി അവർ മുന്നോട്ടുപോയി. ഈ എല്ലാ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഞാൻ പ്രതികരിച്ചത്. കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയി — അവിടെയാണ് ഞാൻ പരിധി കടന്നത്. ഒരു കാര്യം വളരെ വ്യക്തമായി പറയണം: സ്ത്രീസമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും ഞാൻ എന്നും പിന്തുണയ്ക്കുന്ന ഒരാളാണ്. എന്നെ അടുത്തറിയുന്നവർക്ക് അത് വിശദീകരണം വേണ്ട കാര്യമല്ല. എന്റെ ജീവിതവും പൊതുപ്രവർത്തനവും തന്നെയാണ് അതിന്റെ തെളിവ്.

എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, എന്റെ പാർട്ടിയോടും എന്റെ ജനങ്ങളോടും അതിന് ഞാൻ ഉത്തരവാദിത്തത്തോടെ ക്ഷമ ചോദിക്കുന്നു.ഇത് തിരുത്തപ്പെടും — തീർച്ച.വാക്കുകളേക്കാൾ കൂടുതൽ എന്റെ പ്രവൃത്തികളിലൂടെ തന്നെയായിരിക്കും എന്റെ നിലപാട് ഞാൻ വ്യക്തമാക്കുക.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News