'എം.വി ഗോവിന്ദന്റെ മകനുമായി ബന്ധമുണ്ട്,എല്ലാ തെളിവുകളും എന്റെ കൈയിലുണ്ട്'; കത്ത് വിവാദത്തിൽ പരാതിക്കാരനായ ഷർഷാദ്
രാജേഷ് കൃഷ്ണ ചില സിപിഎം നേതാക്കളുടെ ബിനാമിയെന്നും ഷര്‍ഷാദ് മീഡിയവണിനോട്
കണ്ണൂര്‍:സിപിഎമ്മിലെ കത്ത് വിവാദം അസംബന്ധമെന്നാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞത് മകനോട് ചോദിച്ചിട്ടാണോ എന്ന് പരാതിക്കാരനും കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഷർഷാദ്. 'ഗോവിന്ദന്റെ മകൻ ശ്യാംജിത്തുമായി നടത്തിയ വാട്ട്‌സാപ്പ്,ഇമെയിൽ,ടെക്സ്റ്റ് മെസേജുകളെല്ലാം എന്റെ കൈയിലുണ്ട്.പിന്നെയെങ്ങനെ അസംബന്ധമാകും.ഞാനും മകനും ബന്ധമില്ലെന്ന് പറയാൻ ഗോവിന്ദന് സാധിക്കില്ല. ശ്യാമുമായുള്ള ഫോട്ടോയടക്കം എന്റെയടുത്തുണ്ട്. സത്യം സത്യമാണെന്ന്' ഷർഷാദ് മീഡിയവണിനോട് പറഞ്ഞു.
'ശ്യമിനോട് ഞാന്‍ സഹായം ചോദിച്ചിട്ടുണ്ട്. ശ്യാം മുഖേനയാണ് വ്യവസായിയും സിപിഎം സഹയാത്രികനുമായ രാജേഷ് കൃഷ്ണ എന്‍റെ കുടുംബത്തിലേക്ക് വന്ന് കയറിയത്. പ്രശ്നങ്ങളുണ്ടായപ്പോള്‍ ശ്യാമിനെയാണ് ബന്ധപ്പെട്ടത്.എന്നാല്‍ അന്ന് ശ്യാം ഒഴിഞ്ഞുമാറി. രാജേഷ് കൃഷ്ണയുടെ നിയന്ത്രണത്തിലാണ് ഗോവിന്ദന്‍റെ മകന്‍ ശ്യാം നിലനില്‍ക്കുന്നത്.പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ എന്ന നിലയിലുള്ള ബന്ധം സിപിഎമ്മില്‍ ശ്യാമിനുണ്ട്. കത്ത് വിവാദം പുറത്ത് വന്നതിന് പിന്നാലെ സിപിഎമ്മിലെ നിരവധി നേതാക്കള്‍ എന്നെ ബന്ധപ്പെട്ടിരുന്നു. രാജേഷ് കൃഷ്ണക്ക് പി.ശശിയുമായും തോമസ് ഐസക്കുമായും നല്ല ബന്ധമാണുള്ളത്. കേരളത്തിലെ പല നേതാക്കളുടെയും സാമ്പത്തിക കാര്യങ്ങൾ നോക്കുന്നത് രാജേഷ് കൃഷ്ണയാണ്.അയാളുടെ പെട്ടന്നുള്ള വളര്‍ച്ചക്ക് പിന്നിലും ഇതാണെന്നും' ഷര്‍ഷാദ് പറയുന്നു.
അതേസമയം, രാജേഷ് കൃഷ്ണക്കെതിരെ പി.ബിക്ക് ലഭിച്ച പരാതി തന്നെയാണ് ചോർന്നതെന്ന വിവരങ്ങൾ മീഡിയവണിന് ലഭിച്ചു. രാജേഷ് കൃഷ്ണ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പോളിറ്റ് ബ്യൂറോ അംഗം അശോക് ധവ്ളയ്ക്ക് ഷർഷാദ് നൽകിയ പരാതിയാണ് വിവാദങ്ങൾക്ക് അടിസ്ഥാനം. ലണ്ടനിൽ നിന്നുള്ള പാർട്ടി കോൺഗ്രസ് പ്രതിനിധിയായ രാജേഷ് കൃഷ്ണയെ പങ്കെടുപ്പിക്കേണ്ടത് ഇല്ലെന്ന് തീരുമാനമെടുത്തത് ഈ പരാതിയുടെ അടിസ്ഥാനത്തിലാണ്.ഇത് വാർത്തയാക്കിയ മാധ്യമങ്ങൾക്ക് എതിരെ രാജേഷ് ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് കൊടുത്തിരുന്നു.
മധുര പാർട്ടി കോൺഗ്രസിൽ നിന്ന് ഒഴിവാക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ എന്നാണ് രാജേഷ് കൃഷ്ണ സത്യവാങ്മൂലത്തിൽ പറയുന്നത്.പരാതിയുടെ പകർപ്പും സത്യവാങ്മൂലത്തിന് ഒപ്പം നൽകി.ചോർന്നത് പാർട്ടി രേഖ തന്നെയാണ് എന്ന് ഇതോടെ വ്യക്തമായി.