ജി.സുധാകരനെതിരെ സി.പി.എം അന്വേഷണം; രണ്ടംഗ കമ്മീഷനെ നിയോഗിച്ചു

തന്നെ എസ്.ഡി.പി.ഐക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾക്കു ജി.സുധാകരൻ കൂട്ടുനിന്നതായും ആദ്യ ഘട്ടത്തിൽ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയില്ലെന്നും സലാം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉന്നയിച്ചു

Update: 2021-07-10 09:50 GMT
Editor : ubaid | Byline : Web Desk

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലവുമായി ബന്ധപ്പെട്ടു പാർട്ടിയിൽ ഉയർന്ന ആരോപണങ്ങളിൽ മുതിർന്ന നേതാവ് ജി. സുധാകരനെതിരെ അന്വേഷണം. എളമരം കരീമും കെ.ജെ. തോമസുമാണ് കമ്മിഷൻ അംഗങ്ങൾ. കൽപറ്റയിലെയും പാലായിലെയും തോൽവിയിൽ അന്വേഷണം നടത്താനും സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അതൊടൊപ്പം തന്നെ പാല, കല്പറ്റ മണ്ഡലങ്ങളിലെ പരാജയം അതത് ജില്ലാ കമ്മിറ്റികൾ പരിശോധിക്കാനും സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായിട്ടുണ്ട്.

സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാക്കപ്പെട്ട ജി.സുധാകരൻ പകരം മത്സരിച്ച തനിക്കു സഹകരണമൊന്നും നൽകിയില്ലെന്നായിരുന്നു സലാം ആരോപണം ഉന്നയിച്ചത്. തന്നെ എസ്.ഡി.പി.ഐക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾക്കു ജി.സുധാകരൻ കൂട്ടുനിന്നതായും ആദ്യ ഘട്ടത്തിൽ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയില്ലെന്നും സലാം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉന്നയിച്ചു. ചർച്ചയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും സുധാകരനെതിരെ വിമർശനം ഉന്നയിച്ചതോടെയാണ് വിഷയം സംസ്ഥാന കമ്മിറ്റിക്കു വിട്ടത്. വിമർശനമുയർന്ന ജില്ലാ, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍നിന്നും ജി.സുധാകരൻ വിട്ടുനിന്നു. പ്രധാനപ്പെട്ട യോഗങ്ങളിൽ സുധാകരൻ വിട്ടുനിന്നത് പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്.

Advertising
Advertising

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കേണ്ട ഒരാളായിരുന്നു സുധാകരൻ. പക്ഷേ അത് ചെയ്യാനുളള മനസ്സ് കാണിച്ചില്ല. ഇതിനെതിരേ ജില്ലാ കമ്മിറ്റിയിൽ സലാം പരാതി ഉന്നയിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ജി.സുധാകരനെതിരായ പരാമർശങ്ങളുളള റിപ്പോർട്ട് സംസ്ഥാന സമിതിയിൽ ചർച്ച ചെയ്തത്. സംസ്ഥാന സമിതിയിലും സുധാകരനെതിരേ ആരോപണങ്ങൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് രണ്ടംഗകമ്മിഷനെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുളളത്.

ഘടക കക്ഷി നേതാക്കൾ മത്സരിച്ച പാലായിലെയും കല്‍പറ്റയിലെയും തോൽവി പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചതായി നേരത്തെ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു. രണ്ടിടങ്ങളിലും മുഴുവൻ ശക്തിയും പുറത്തെടുക്കുന്ന പോരാട്ടം നടത്താനായില്ലെന്നാണ് പാർട്ടി വിലയിരുത്തൽ.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News