Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ മന്ത്രി വി.എൻ വാസവനും സജി ചെറിയാനും പ്രശംസ. ശബരിമല തീർത്ഥാടന നടത്തിപ്പിന് മന്ത്രി വി.എൻ.വാസവൻ നല്ല നേതൃത്വം നൽകിയെന്നാണ് വിലയിരുത്തൽ. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജി ചെറിയാൻ നല്ല ഇടപെടൽ നടത്തുന്നുവെന്നും സമ്മേളന പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
അതേ സമയം ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റർ ചുമതല വഹിക്കുന്ന എം. സ്വരാജ് സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റെ അവൈലബിൾ യോഗങ്ങളിൽ കൂടുതലായി പങ്കെടുക്കാൻ ശ്രമിക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. പ്രവർത്തന റിപ്പോർട്ടിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ പി.എ മുഹമ്മദ് റിയാസിനെ പ്രശംസിച്ചിട്ടുണ്ട്. മന്ത്രി എന്ന നിലയിൽ റിയാസിൻ്റേത് മികച്ച പ്രകടനമാണെന്നും മാധ്യമ വേട്ടയുടെ ഇരയാണ് അദ്ദേഹമെന്നും ദൈനംദിന രാഷ്ട്രീയ സംഭവങ്ങളിൽ സജീവമായത് കൊണ്ടാണ് റിയാസിനെ മാധ്യമങ്ങൾ ആക്രമിക്കുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞു.
പാർട്ടി വോട്ടുകളും ബിജെപിയിലേക്ക് ചോർന്നുവെന്നും ഭരണ തുടർച്ച ബംഗാളിൽ ഉണ്ടാക്കിയ വീഴ്ച കേരളത്തിൽ ആവർത്തിക്കരുതെന്നും പ്രവർത്തന റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ടായി. തൃശൂർ സീറ്റ് ബിജെപി നേടിയതിൽ ഗൗരവത്തിൽ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടാം പിണറായി സർക്കാരിലെ ചില മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് സംഘടനാ റിപ്പോർട്ടിൽ പരാമർശമുണ്ടായി.