കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണം; അന്വേഷണത്തിന് പ്രത്യേക സംഘം
കെ.എം ഷാജഹാന്റെ യൂട്യൂബ് ചാനലിനെതിരെയും പരാതി, കോൺഗ്രസ് നേതാക്കളെയും ചോദ്യം ചെയ്‌തേക്കും...
Update: 2025-09-20 05:48 GMT
കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. മുനമ്പം ഡിവൈഎസ്പിക്കാണ് മേൽനോട്ടം. കെ എം ഷാജഹാൻ അടക്കമുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ നീക്കമുണ്ട്. കൊച്ചി സൈബർ പൊലീസ് അന്വേഷണത്തിൽ പങ്കുചേരും.
കെഎം ഷാജഹാന്റെ യൂട്യൂബ് ചാനൽ ഉൾപ്പെടെ നൂറോളം സോഷ്യൽ മീഡിയ ഹാൻഡലുകൾക്കെതിരെയാണ് പരാതിയുള്ളത്. കൂടാതെ കോൺഗ്രസ് നേതാക്കളായ ജിന്റോ ജോൺ, ഗോപാലകൃഷ്ണൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. കെഎം ഷാജഹാനെതിരെ എറണാകുളം ജില്ലയിലെ CPM എം എൽ എമാരും പരാതി നൽകിയിട്ടുണ്ട്.
ഷാജഹാൻ, പറവൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. പൊതുസമൂഹത്തിൽ സ്ത്രീത്വത്തെ അപമാനിച്ചു, അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ സൃഷ്ടിച്ചു, അത് പ്രചരിപ്പിച്ചു എന്നിങ്ങനെ വിവിധ വകുപ്പുകൾ ചേർത്താണ് കേസ്. ഷാജഹാന്റെ 'പ്രതിപക്ഷം' എന്ന യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറയുന്ന ഒരു പരാമർശത്തിലാണ് സിപിഎം എംഎൽഎമാർ പരാതി നൽകിയിരിക്കുന്നത്. പി.വി ശ്രീനിജൻ, ആന്റണി ജോൺ തുടങ്ങിയവരുടേതാണ് പരാതി. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഇവർ പരാതി നൽകിയിട്ടുണ്ട്. ആലുവ സൈബർ പൊലീസ് എസ്എച്ച്ഒയ്ക്കാണ് അന്വേഷണച്ചുമതല.