തൃശൂര്‍ കൊരട്ടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു
ബംഗാൾ സ്വദേശി 51 വയസുള്ള സ്വാഭാൻ മണ്ഡൽ ആണ് മരിച്ചത്
തൃശൂര്‍: തൃശൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. കൊരട്ടി നയാര പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. ബംഗാൾ സ്വദേശി 51 വയസുള്ള സ്വാഭാൻ മണ്ഡൽ ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാറ് സൈക്കിളിൽ ഇടിക്കുകയും തുടർന്ന് നിർത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിൽ ഇടിക്കുകയും ആയിരുന്നു. ഇതിനിടയിൽ പെട്ടാണ് സൈക്കിൾ യാത്രികൻ മരിച്ചത്.
അപകടത്തിൽ കാർ യാത്രികർക്കും പരിക്കുപറ്റി. പാലക്കാട് കള്ളിക്കാട് സ്വദേശികളായ നീത ഫർസിൻ ( 40) താറമോനി സോറിൻ (18) ഇവരെ കറുകുറ്റി അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പാലക്കാട് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. അപകടത്തെ തുടർന്ന് രക്തവും ഓയിലും തളംകെട്ടി കിടന്നത് ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ നീക്കം ചെയ്തു. ചാലക്കുടി അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷ് എം.എസിൻ്റെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനം.