ഡാൻസ് കളിച്ച് ബസ് ഓടിച്ചത് പുനെയില്‍; സ്ഥിരീകരിച്ച് ജോമോൻ

വർഷങ്ങൾക്ക് മുമ്പ് പകർത്തിയ ദൃശ്യങ്ങളാണിതെന്ന് ജോമോൻ പൊലീസിന് മൊഴി നൽകി

Update: 2022-10-09 03:07 GMT
Editor : Lissy P | By : Web Desk

പാലക്കാട്: വടക്കഞ്ചേരി അപകടക്കേസിലെ പ്രതിയായ ജോമോൻ അപകടകരമാം വിധം ടൂറിസ്റ്റ് ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് പൂനെയിൽ നിന്നെന്ന് പൊലീസ്. ദൃശ്യങ്ങൾ കാണിച്ചപ്പോൾ ജോമോൻ തന്നെ ഇത് സ്ഥിരീകരിച്ചു. വർഷങ്ങൾക്ക് മുമ്പ് പകർത്തിയ ദൃശ്യങ്ങളാണിതെന്ന് ജോമോൻ പൊലീസിന് മൊഴി നൽകി. അതേസമയം, ബസില്‍ ആളുണ്ടായിരുന്നോ എന്നതൊന്നും ഓര്‍മയില്ലെന്നാണ് ജോമോന്‍റെ വാദം. എന്നാല്‍ ജോമോന്‍റെ മൊഴി പൊലീസ് പൂര്‍ണമായും മുഖവിലക്കെടുത്തിട്ടില്ല. 

വടക്കഞ്ചേരി അപകടത്തിന് ശേഷമാണ് ജോമോൻ ഡ്രൈവിംഗ് സീറ്റിൽ എഴുന്നേറ്റ് നിന്ന് ഡാൻസ് ചെയ്ത് ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആലത്തൂർ ഡിവൈഎസ്പി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജോമോനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഡ്രൈവിംഗ് സീറ്റിൽ ഡാൻസ് കളിച്ചത് താൻ തന്നെയെന്ന് ഇയാൾ സമ്മതിച്ചത്. ഡ്രൈവിംഗ് സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് ഡാൻസ് കളിക്കുന്ന ജോമോനാണ് ദൃശ്യങ്ങളിലുള്ളത്. തൊട്ടടുത്ത് ഒരു കോളേജ് വിദ്യാർഥിയെന്ന് തോന്നുന്നയാൾ ഇരിക്കുന്നതായും കാണാം. ഡ്രൈവറുടെ നിയന്ത്രണത്തിലല്ല ബസ് ഓടുന്നത് എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. യാത്രക്കാരെ ഹരം കൊള്ളിക്കുന്നതിനാകാം ജോമോൻ സാഹസികത കാണിച്ചതെന്നാണ് നിഗമനം.

Advertising
Advertising

വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസാണോ ഇതെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. അതല്ലെന്ന് ജോമോൻ പൊലീസിനോട് പറഞ്ഞിരുന്നു. വളരെ ഗുരുതരമായ നിയമലംഘനമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും.  കസ്റ്റഡിയിൽ വാങ്ങിയ ശേഷം ജോമോനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ആലത്തൂർ ഡി.വൈ.എസ്.പി പറഞ്ഞു. വടക്കഞ്ചേരി അപകടത്തിൽ മനപ്പൂർവമുള്ള നരഹത്യക്കാണ്(304 വകുപ്പ്) ജോമോനെതിരെ കേസെടുത്തിരിക്കുന്നത്. ജോമോൻറെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കും. മറ്റു സംസ്ഥാനങ്ങളിൽ ജോമോൻ വാഹനം ഗതാഗത നിയമലംഘനം നടത്തിയോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News