ടൂറിസ്റ്റ് ബസുകളിലെ അമിത അലങ്കാരങ്ങൾ: രൂക്ഷ വിമർശനവുമായി ഹൈക്കോടതി, പരാതി നൽകാൻ ഓരോ ജില്ലയിലും വാട്‌സാപ്പ് നമ്പറുകൾ പ്രസിദ്ധീകരിക്കാൻ നിർദേശം

വാട്‌സാപ്പ് നമ്പരുകൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതിനു പുറമേ മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലും നൽകണം

Update: 2022-06-08 02:30 GMT
Editor : Lissy P | By : Web Desk

കൊച്ചി: ടൂറിസ്റ്റ് ബസുകളുടെ അലങ്കാര ലൈറ്റുകളിലും ശബ്ദ സംവിധാനങ്ങളിലും നിയന്ത്രണവുമായി ഹൈക്കോടതി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങളെക്കുറിച്ച് പരാതി നൽകാൻ ഓരോ ജില്ലയിലും വാട്‌സാപ്പ് നമ്പറുകൾ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിർദേശം നൽകി. അടുത്തിടെ ഉണ്ടായ വാഹന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്.

മിന്നിത്തിളങ്ങുന്ന ലൈറ്റുകളും ഉച്ചത്തിൽ മുഴങ്ങുന്ന പാട്ടുകളുമായി ടൂറിസ്റ്റ് ബസുകളും ട്രാവലറുകളും മോടി പിടിപ്പിക്കുന്നതിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഇത്തരം വാഹനങ്ങൾ ഡാൻസിങ് ഫ്‌ലോറുകൾ ആക്കേണ്ടതില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്.

Advertising
Advertising

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിരത്തിലോടുന്ന വാഹനങ്ങളെക്കുറിച്ച് പരാതി നൽകാൻ ഓരോ ജില്ലയിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് നമ്പരുകൾ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്.

ഇക്കാര്യത്തിൽ ട്രാൻസ്‌പോർട്ട് കമ്മിഷണർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. വാട്‌സാപ്പ് നമ്പരുകൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതിനു പുറമേ മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലും നൽകണം. ടൂറിസ്റ്റ് ബസുകൾ, ട്രാവലറുകൾ തുടങ്ങിയവയുടെ യൂട്യൂബിലുള്ള പ്രമോ വീഡിയോകൾ പരിശോധിച്ചും നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. ഇക്കാര്യത്തില്‍ കഴിഞ്ഞ ജനുവരിയിലടക്കം ഉത്തരവിട്ടിട്ടും നടപ്പാക്കുന്നതില് മോട്ടോര്‍ വാഹന വകുപ്പും പൊലീസും വീഴ്ച വരുത്തുകയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ശബരിമല തീർത്ഥാടകരുടെ യാത്രാ സുരക്ഷക്കു വേണ്ടിയുള്ള സേഫ് സോൺ പദ്ധതിയെക്കുറിച്ച് സ്‌പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് സ്വമേധയാ എടുത്ത ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News