Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: ദാദാസാഹിബ് ഫാൽക്കേ പുരസ്കാര തിളക്കത്തിനിടെ മോഹൻലാൽ കൊച്ചിയിൽ. ചെന്നൈയിൽ നിന്നും ഏഴ് മണിയോടെയാണ് കൊച്ചിയിൽ എത്തിയത്. അവാർഡ് മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരം എന്നായിരുന്നു മോഹൻലാലിന്റെ ആദ്യ പ്രതികരണം.
പുരസ്കാരം ലഭിച്ചത് ഏറ്റവും വലിയ സന്തോഷമാണ്. പ്രേക്ഷകർക്കും ദൈവത്തിനും മാതാപിതാക്കൾക്കും രാജ്യത്തിനും ജൂറിക്കും നന്ദി. 49 വർഷങ്ങൾ തന്‍റെ കൂടെ നടന്ന എല്ലാവരെയും സ്മരിക്കുന്നു. അവരോടുള്ള സ്നേഹവും പ്രാർഥനയും അറിയിക്കുന്നു. എന്നെ ഞാനാക്കിയ മലയാള സിനിമയോട് നന്ദി പറയുന്നു. മലയാള സിനിമക്ക് കിട്ടിയ അംഗീകാരമാണ്. പുരസ്കാരം മലയാള സിനിമക്ക് സമർപ്പിക്കുന്നു. മലയാള സിനിമക്ക് ഇനിയും നല്ല കാര്യങ്ങൾ സംഭവിക്കട്ടെ. വരും തലമുറക്ക് പ്രചോദനമാകട്ടെ എന്നും മോഹൻലാൽ പറഞ്ഞു.
അവാർഡ് ലഭിച്ചതിന്റെ സന്തോഷം മോഹൻലാൽ സുഹൃത്തുക്കൾക്കൊപ്പം പങ്കിടും. കൊച്ചി ക്രൗൺ പ്ലാസയിലാണ് പരിപാടി നടക്കുക. അതിനുശേഷം മാധ്യമങ്ങളെ കാണും.
2023ലെ പുരസ്കാരമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 23ന് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽവെച്ച് പുരസ്കാരം മോഹൻലാലിന് സമ്മാനിക്കും.