നിക്ഷേപ തുക തിരികെ കിട്ടിയില്ല; കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

11 ലക്ഷം രൂപയാണ് ആനന്ദൻ കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. ഇതിൽ ഒന്നരലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചത്

Update: 2025-03-11 12:01 GMT
Editor : സനു ഹദീബ | By : Web Desk

പത്തനംതിട്ട: കോന്നി റീജിയണൽ സഹകരണ ബാങ്കിലെ നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് 65-കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പയ്യനാമൺ സ്വദേശി ആനന്ദനാണ് ഗുളിക ധാരാളമായി കഴിച്ചു ആത്മഹത്യാശ്രമം നടത്തിയത്. LDF ഭരിക്കുന്ന ബാങ്കാണിത്. നിക്ഷേപ തുക തിരികെ ലഭിക്കുന്നില്ല എന്ന പരാതിയുമായി നിരവധി ആളുകൾ ബാങ്കിലേക്ക് എത്തിയിട്ടുണ്ട്.

11 ലക്ഷം രൂപയാണ് ആനന്ദൻ കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. ഇതിൽ ഒന്നരലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചത്. പണം ആവശ്യപ്പെട്ട് നിരവധി തവണ ബാങ്കിനു മുന്നിൽ കുത്തിയിരിപ്പ് സമരം ഉൾപ്പെടെ ആനന്ദൻ നടത്തിയിരുന്നു. ഇന്നലെയും പണം ആവശ്യപ്പെട്ട് ആനന്ദൻ ബാങ്കിലെത്തിയെങ്കിലും പണം ലഭിച്ചില്ല. തുടർന്നാണ് മദ്യത്തിൽ ധാരാളമായി ഗുളിക ചേർത്ത് കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ആനന്ദൻ. സംഭവം അറിഞ്ഞ് ധാരാളം പേർ നിക്ഷേപത്തുക തിരികെയാവശ്യപ്പെട്ട് ബാങ്കിലേക്ക് എത്തുന്നുണ്ട്.

മുഴുവൻ തുകയും തിരികെ നൽകാനുള്ള ശേഷി ബാങ്കിനില്ല. എന്നാൽ പലിശയിനത്തിൽ നിക്ഷേപ തുക തിരികെ നൽകുന്നുണ്ടെന്നാണ് സെക്രട്ടറി പറയുന്നത്. പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് നിക്ഷേപകർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുൻഗണന ക്രമത്തിൽ പണം തിരികെ നൽകാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. പക്ഷേ പണം നൽകാൻ ബാങ്കിന് ആയിട്ടില്ല.


Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News