പോത്തന്‍കോട് ഭിന്നശേഷിക്കാരിയുടെ കൊലപാതകം; പ്രതി പിടിയില്‍
സഹോദരന്‍റെ വീടിന്‍റെ പിറകിലായാണ് മൃതദേഹം കണ്ടെത്തിയത്
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് ഭിന്നശേഷിക്കാരിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശി തൗഫീഖാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
ഇന്ന് പുലർച്ചെയാണ് തങ്കമണിയെ സഹോദരൻ്റെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ തനിച്ചു താമസിച്ചിരുന്ന ഇവർ പൂജക്കായി സ്ഥിരമായി പൂക്കൾ പറിക്കാൻ പോകുമായിരുന്നു. പതിവു പോലെ ഇന്നും പൂക്കൾ എടുക്കാൻ പോയപ്പോഴാണ് സംഭവം. തങ്കമണിയുടെ സഹോദരിയാണ് മുണ്ട് കൊണ്ട് മൂടിയ നിലയിൽ മൃതദേഹം ആദ്യം കണ്ടത്. മുഖത്ത് നഖം കൊണ്ടുള്ള മുറിപ്പാടുകൾക്ക് ഉണ്ടായിരുന്നെന്നും വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു എന്നും ഇവർ പറയുന്നു. ആഭരണങ്ങളും മോഷണം പോയിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തങ്കമണിയുടെ ആഭരണങ്ങൾ മോഷ്ടിക്കാനാണ് ഇയാൾ കൊലപാതകം നടത്തിയത് എന്ന നിഗമനത്തിലാണ് പൊലീസ്. തങ്കമണിയുടെ കമ്മലുകൾ പൊലീസ് ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പോക്സോ കേസിൽ അടക്കം കുറ്റവാളിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.