മേൽവസ്ത്ര നിരോധനത്തിനെതിരായ സന്യാസി സഭയുടെ മാർഗനിർദേശം ചർച്ചയാകുന്നു

തൃശിവപേരൂർ സന്യാസി മഹാസംഗമം അംഗീകരിച്ച തൃശിവപേരൂർ വിളംബരത്തിലാണ് ക്ഷേത്രാചാരങ്ങളുടെ പേരിൽ നടക്കുന്ന തൂക്കം, മേൽവസ്ത്രനിരോധനം തുടങ്ങിയവക്കെതിരെ നിലപാടെടുത്തത്.

Update: 2024-03-27 17:00 GMT
Advertising

കോഴിക്കോട്: മേൽവസ്ത്ര നിരോധനത്തിനെതിരായ മാർഗദർശക് മണ്ഡലിന്റെ നിർദേശം ചർച്ചയാകുന്നു. തൃശിവപേരൂർ സന്യാസി മഹാസംഗമം അംഗീകരിച്ച തൃശിവപേരൂർ വിളംബരത്തിലാണ് ക്ഷേത്രാചാരങ്ങളുടെ പേരിൽ നടക്കുന്ന തൂക്കം, മേൽവസ്ത്രനിരോധനം, സാധനാപദ്ധതിയെന്ന നിലയിൽ ഗുരുപദേശം കൂടാതെ സമൂഹത്തിൽ തെറ്റായ മാതൃകകൾ സൃഷ്ടിക്കുന്ന മദ്യമാംസാദികളുടെ ഉപയോഗം എന്നിവ ഒഴിവാക്കുകയും ശാസ്ത്രീയമായ അനുഷ്ഠാനങ്ങൾ പിന്തുടരാനും പ്രചരിപ്പിക്കാനും ആവുംവിധം ശ്രദ്ധിക്കുകയും ചെയ്യുമെന്ന് പറയുന്നത്.



 മേൽവസ്ത്ര നിരോധനത്തിനെതിരായ പ്രമേയം അംഗീകരിക്കുന്ന നിലപാടാണ് ആർ.വി ബാബു, ടി.ജി മോഹൻദാസ് തുടങ്ങിയ സംഘ്പരിവാർ നേതാക്കൾ സ്വീകരിച്ചത്. എല്ലാ കാലത്തും വന്ന നവോത്ഥാന, പുരോഗമന ആശയങ്ങളെ സ്വീകരിക്കുന്ന നിലപാടാണ് ഹൈന്ദവ സമൂഹം സ്വീകരിച്ചിട്ടുള്ളതെന്ന് ആർ.വി ബാബു പറഞ്ഞു. ടി.ജി മോഹൻദാസും ഇതേ നിലപാട് തന്നെയാണ് പറഞ്ഞത്. കാലാനുസൃതമായി നിരവധി മാറ്റങ്ങൾ ക്ഷേത്രാചാരങ്ങളിൽ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മേൽവസ്ത്ര നിരോധനം ഒഴിവാക്കുന്നതിൽ വലിയ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംഘ്പരിവാർ പ്രചാരകനായ വിദ്യാസാഗർ ഗുരുമൂർത്തി സന്യാസി സഭയുടെ തീരുമാനത്തിനെതിരെ വലിയ വിമർശനമാണ് ഉന്നയിച്ചത്. കേരളത്തിലും, ഭാരതത്തിലെമ്പാടും നിർബാധം നടക്കുന്ന മതപരിവർത്തനത്തിന് തടയിടുവാൻ ക്രിയാത്മകമായ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുക, ഹിന്ദുക്കൾക്ക് വീട്ടിലൊരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കുക, അന്യമതസ്ഥർ കയ്യേറിയ ക്ഷേത്ര ഭൂമി ഒഴിപ്പിക്കുക എന്നീ ഗുരുതരമായ വിഷയങ്ങൾക്ക് നേരെ മൗന സമാധിയിരുന്നിട്ട് ക്ഷേത്രത്തിൽ ഷർട്ടിട്ട് കയറാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ഘോര പ്രമേയം പാസാക്കിയ സന്യാസി സഭയുടെ നടപടി തികഞ്ഞ നിരുത്തരവാദമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ക്ഷേത്രത്തിൽ എന്ത്, എങ്ങനെ നടക്കണം എന്നത് തീരുമാനിക്കേണ്ടത് തന്ത്രിമാർ മാത്രമാണ്. തന്ത്രിമാരുടെ യോഗം ചേർന്ന് മാത്രം ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടത്. നാളെ തന്ത്രി സമാജം ചേർന്ന് സന്യാസിമാർക്ക് ഒരു ഡ്രസ് കോഡ് തീരുമാനിച്ചാൽ അതും അനുസരിയ്ക്കുമോയെന്ന് വിദ്യാസാഗർ ഗുരുമൂർത്തി ചോദിച്ചു. ശബരിമലയിൽ എയർപ്പോർട്ടൊക്കെ വരുമ്പോൾ ഇത്തിരി പരിഷ്‌കാരമൊക്കെ വേണ്ടേ ഹിന്ദുക്കളേ? എന്ന മട്ടിൽ ക്ഷേത്രങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാനുള്ള ചില താറാവ് -ഇട്ടൂൺ സംഘങ്ങളുടെ താൽപ്പര്യത്തിന് സന്യാസിമാർ നിന്നു കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News