Writer - രാഗേന്ദു പി.ആർ
Web Journalist
കോഴിക്കോട്: രാഷ്ട്രീയപാര്‍ട്ടികള്‍ ആശുപത്രികളില്‍ ഭക്ഷണം വിതരണം ചെയ്യേണ്ടെന്ന ജി.സുധാകരന്റെ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുസ്‌ലിം ലീഗ്.
സിഎച്ച് സെന്റര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇതൊരു ചാരിറ്റി പ്രവര്‍ത്തനമാണ്. സര്‍ക്കാറിന് ഒറ്റയ്ക്ക് ഇത്തരം പ്രവൃത്തികളുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും മുസ്‌ലിം ലീഗ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.എം നസീര്‍ മീഡിയവണിനോട് പറഞ്ഞു.
ഒരുപാട് ഗുണഭോക്താക്കളാണ് ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ളത്. അവരെയെല്ലാം ഒറ്റയടിക്ക് ഒഴിവാക്കാന്‍ കഴിയില്ല. ഒരുപക്ഷെ ഇതിന്റെ മറവില്‍ ചില രാഷ്ട്രീയ മുതലെടുപ്പുകള്‍ ഉണ്ടായേക്കാം. അതായിരിക്കും ജി.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും എ.എം നസീര്‍ പ്രതികരിച്ചു.
മെഡിക്കല്‍ കോളജുകളിലെ ഭക്ഷണ വിതരണം തടയണമെന്നയായിരുന്നു കഴിഞ്ഞ ദിവസം ജി.സുധാകരന്‍ പറഞ്ഞത്. ഭക്ഷണ വിതരണം നടത്തേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച 'നക്ഷത്രത്തിളക്കം 2026' അവാര്‍ഡ് വിതരണ ചടങ്ങിലായിരുന്നു പരാമര്‍ശം.
സംഭവം വിവാദമായതോടെ ജി.സുധാകരന്‍ മലക്കംമറിഞ്ഞു. മെഡിക്കല്‍ കോളജിനുള്ളില്‍ ഭക്ഷണം പാചകം ചെയ്ത് നല്‍കാനാകില്ലെന്നും പുറത്ത് അതിനുള്ള സൗകര്യമൊരുക്കണമെന്നുമാണ് പറഞ്ഞതെന്ന് ജി.സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോഴിക്കോടെല്ലാം അങ്ങനെയാണ് ചെയ്യുന്നതെന്നും ആലപ്പുഴയില്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറയുന്നു. ഭക്ഷണം കൊടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മെഡിക്കല്‍ കോളജിന്റെ കോബൗണ്ടിനുള്ളില്‍ പാചകം ചെയ്യുന്നത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും ജി.സുധാകരന്‍ പറഞ്ഞു.
രോഗികള്‍ക്ക് മുട്ടയും പാലും കൊടുക്കുന്ന സംവിധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ പ്രസംഗം താത്പ്പരകക്ഷികള്‍ വളച്ചൊടിച്ചതാണെന്ന് ആരോപിച്ചാണ് ജി.സുധാകരന്‍ വീണ്ടും രംഗത്തെത്തിയത്.