തദ്ദേശവകുപ്പിലെ ഐഎഎസ് പോര്: 'മത്സരങ്ങളൊന്നുമില്ല, നടത്തിയത് കൃത്യനിർവഹണം മാത്രം'; മറുപടിയുമായി ദിവ്യ എസ്. അയ്യർ
വകുപ്പിൽ ഒരു തർക്കവുമില്ലെന്നും ചലഞ്ച് മാത്രമാണെന്നും മന്ത്രി കെ.എം ഷാജി പ്രതികരിച്ചിരുന്നു
തിരുവനന്തപുരം: തദ്ദേശവകുപ്പിലെ ഐഎഎസ് പോരിൽ മറുപടിയുമായി ഡയറക്ടർ ദിവ്യ എസ്. അയ്യർ. താൻ നടത്തിയത് കൃത്യനിർവഹണം മാത്രമാണെന്നും ഒരു മത്സരവും ഇല്ലെന്നും ദിവ്യ ഇൻസ്റ്റയിൽ കുറിച്ചു. വകുപ്പിൽ ഒരു തർക്കവുമില്ലെന്നും ചലഞ്ച് മാത്രമാണെന്നും മന്ത്രി കെ.എം ഷാജി പ്രതികരിച്ചിരുന്നു.
പോരും ഇല്ലാ... പോരാത്തതിനു മത്സരവും ഇല്ലാ... മനുഷ്യരെ സ്നേഹിക്കുന്നു, പുൽകുന്നു, പുകഴ്ത്തുന്നു എന്ന് മാത്രമേ ഇതു വരെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും എന്നെ ‘പഴിചാരി’ കേട്ട ഓർമ്മയുള്ളൂ. ഇപ്പോൾ പോര്, മത്സരം, ചേരിതിരിവ് എന്നൊക്കെ കേൾക്കുമ്പോൾ അത് ഞാൻ അല്ല, എന്നെക്കുറിച്ച് അല്ല എന്ന ഉറച്ചബോധ്യം മനസ്സിൽ തെളിയുന്നു. ഒരുനാളും ഒരാളോടും ഞങ്ങൾക്ക് തോന്നാത്ത വികാരങ്ങൾ ആണ് ഇവ. വ്യക്തമായ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് ഞങ്ങൾ കൃത്യനിർവഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഭാവനാവിരാജിതമായ പ്രചരണങ്ങൾക്ക് വിരാമം ഇടണം എന്ന് അഭ്യർത്ഥിക്കുന്നു. ഈയടുത്തകാലത്ത് ആദി എന്ന യുവകവിയുടെ ഒരു കവിതയിൽ വായിച്ച് ഓർക്കുന്നു: ‘വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്’
മാലിന്യ വിമുക്ത കേരളത്തിനായി വ്യത്യസ്ത പദ്ധതികള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ടി.വി.അനുപമയുമായി തുറന്ന പോരിലാണ് താനെന്ന് മട്ടിൽ പ്രചരിച്ച വാർത്തകളിലാണ് ഇപ്പോൾ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍ പ്രതികരിച്ചിരിക്കുന്നത്. പദ്ധതികള്‍ വിവാദമായതിനെ തുടര്‍ന്ന് വകുപ്പ് മന്ത്രി പരസ്യപ്രതികരണവും നടത്തിയിരുന്നു. ഇതോടെയാണ് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ദിവ്യ എസ്.അയ്യര്‍ വിശദീകരണക്കുറിപ്പിട്ടത്.