കോന്നി മെഡിക്കല്‍ കോളേജ് വികസനം; ഡോക്ടര്‍മാരുടെ സ്ഥലം മാറ്റ ഉത്തരവ് വിവാദത്തില്‍

പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് അടക്കം 47 പേരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയതോടെ നടപടി ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Update: 2021-10-01 02:28 GMT
Advertising

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും കോന്നി മെഡിക്കല്‍ കോളേജിലേക്ക് ഡോക്ടര്‍മാരെ സ്ഥലം മാറ്റിയതിനെ ചൊല്ലി ജില്ലയില്‍ രാഷ്ട്രീയ പോര് മുറുകുന്നു. സ്ഥലമാറ്റ ഉത്തരവിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തുവന്നതാണ് വിവാദങ്ങള്‍ക്ക് കാരണം. എന്നാല്‍ സാങ്കേതിക നടപടി ക്രമങ്ങളുടെ ഭാഗം മാത്രമാണ് ഉത്തരവെന്നും ഡോക്ടര്‍മാര്‍ക്ക് കോന്നിയിലേക്ക് മാറേണ്ടി വരില്ലെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് വ്യക്തമാക്കി.

കോന്നി മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം ക്ലാസുകള്‍ തുടങ്ങാനിരിക്കെ കേന്ദ്ര സംഘത്തിന്‍റെ സന്ദര്‍ശനം മുന്നില്‍ കണ്ടാണ് ആരോഗ്യ വകുപ്പ് ഡോക്ടര്‍മാരുടെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറക്കിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് അടക്കം 47 പേരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയതോടെ നടപടി ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എയും ആരോഗ്യമന്ത്രിയുമായ വീണ ജോര്‍ജിനെതിരെ ഡോക്ടര്‍മാരുടെ സംഘടനായായ കെ.ജി.എം.ഒയും കോണ്‍ഗസും പ്രതിഷേധം ആരംഭിച്ചത്. ഉത്തരവ് വിവാദമായതോടെ വിഷയത്തില്‍ ആരോഗ്യവകുപ്പ് വിശദീകരണം നല്കിയെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല . ഇതോടെയാണ് മന്ത്രിയും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോരിന് ചൂട് പിടിച്ചത്.

ഈ വര്‍ഷം തന്നെ മെഡിക്കല്‍ കോളജില്‍ ക്ലാസുകള്‍ തുടങ്ങുന്നതിനായി ആരോഗ്യ സര്‍വകലാശയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ഉത്തരവ് പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. അത്യാഹിത വിഭാഗം പ്രവര്‍ത്തനം ആരംഭിക്കാത്ത കോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികളെ മാത്രമാണ് നിലവില്‍ കിടത്തി ചികിത്സിക്കുന്നത്. ജീനക്കാരുടെ നിയമനം അനുബന്ധ നിര്‍മ്മാണങ്ങളും നടക്കാനിരിക്കെ ഘട്ടം ഘട്ടമായി മാത്രമെ ആശുപത്രിയുടെ പൂര്‍ണ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാവൂ.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News