80-20 അനുപാതം നടപ്പാക്കിയത് യുഡിഎഫ് സർക്കാർ; കോടതി വിധിയോട് യോജിക്കാനാവില്ലെന്ന് പാലോളി

തുടർ നടപടി സർക്കാർ തീരുമാനിക്കണമെന്നും പാലോളി

Update: 2021-05-29 07:14 GMT
By : Web Desk

ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ജനസംഖ്യ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനോട് യോജിപ്പില്ല. സാമൂഹ്യ, സാമ്പത്തിക സാഹചര്യം പരിഗണിച്ച് തീരുമാനമെടുക്കണം. 80:20 അനുപാതം നടപ്പാക്കിയത് യുഡിഎഫ് സർക്കാറാണെന്നും പാലോളി മുഹമ്മദ് കുട്ടി മീഡിയവണിനോട് പറഞ്ഞു.

മുസ്‍ലിംകളും ക്രൈസ്തവരും അടക്കം എല്ലാ സമുദായത്തിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളവരും ഇല്ലാത്തവരുമുണ്ട്. സാമുദായിക അടിസ്ഥാനത്തിൽ സാമ്പത്തികശേഷി കുറവുള്ളവരെ പരിഗണിക്കുന്നതാണ് ശരി. അതിന്‍റെ അടിസ്ഥാനത്തിലാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ട് പഠിച്ച് മുസ്‍ലിംകളെ കൂടാതെ ന്യൂനപക്ഷ വിഭാഗത്തിലെ അർഹതപ്പെട്ടവരെ കണ്ടെത്തി ആനുകുല്യം കൊടുക്കാമെന്ന നിലപാട് സ്വീകരിച്ചത്. മുസ്‍ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങളെ പരിഗണിച്ചത് വിശാല താൽപര്യം മുൻനിർത്തിയാണെന്നും പാലോളി പറഞ്ഞു.

Advertising
Advertising

രാജ്യത്തെ ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ അടക്കമുള്ള സംസ്ഥാനങ്ങളിലെ മുസ്‍ലിംകളുടെ സ്ഥിതി വളരെ ദയനീയമാണെന്ന് സച്ചാർ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ മുസ്‍ലിംകളെന്ന് റിപ്പോർട്ടിൽ പറയുന്നു. സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്ന ഘട്ടത്തിൽ മറ്റ് സാമ്പത്തികശേഷി കുറഞ്ഞ വിഭാഗങ്ങളെ കൂടി പരിഗണിക്കണമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് സ്വീകരിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നടപ്പാക്കുന്ന ഘട്ടത്തിൽ മറ്റ് വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി. ന്യൂനപക്ഷ ക്ഷേമപദ്ധതിയിൽ 80:20 ശതമാനം കൊണ്ടുവന്നത് യു.ഡി.എഫ് സർക്കാരാണ്. ഹൈകോടതി വിധിക്കെതിരെ അപ്പീൽ പോകണോ നിയമനിർമാണം നടത്തണോ എന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കണമെന്നും പാലോളി മീഡിയവൺ അഭിമുഖത്തിൽ പറഞ്ഞു.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് സംസ്ഥാനത്ത് പഠനം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തത് പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ സമിതിയായിരുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു പാലോളി കമ്മിറ്റിയുടെ പഠനം എന്നതിനാല്‍ സാധാരണ ഗതിയില്‍ മുസ്‍ലിം സമുദായത്തെ മാത്രമായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ അന്നത്തെ ഇടതുപക്ഷവും സര്‍ക്കാരും തീരുമാനിച്ചത് വടക്കേ ഇന്ത്യയിലെ മുസ്‍ലിംകളെ അപേക്ഷിച്ച് കേരളത്തിലെ മുസ്‍ലിംകള്‍ സാമ്പത്തികമായും സാമൂഹികമായും കുറച്ചുകൂടി മുന്‍പന്തിയിലാണ്. അതുകൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ ന്യൂനപക്ഷത്തേയും പരിഗണിക്കണമെന്ന അഭിപ്രായം വന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് വിഷയം പഠിക്കുന്നതും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും.

എന്നാല്‍ യുഡിഎഫ് സര്‍ക്കാരാണ് ഇത് 80: 20 എന്ന അനുപാതത്തിലേക്ക് മാറ്റിയത്. ഇത് മുസ്‍ലിംകള്‍ അല്ലാത്ത ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് വിവേചനമായി അനുഭവപ്പെടുകയായിരുന്നു. ഈ തെരഞ്ഞെടുപ്പിന്‍റെ കാലത്ത് ഇതൊരു രാഷ്ട്രീയമുതലെടുപ്പിനായി ഉയര്‍ത്തിക്കൊണ്ടുവരാനും പലരും ശ്രമിച്ചിരുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തിലല്ല ആനുകൂല്യങ്ങള്‍ വിതരണം ചെയ്യേണ്ടത് എന്നും അദ്ദേഹം പറയുന്നു. പകരം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക അവസ്ഥകളാണ് പരിഗണിക്കേണ്ടത്. ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നത് ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നാണ്. ഇത് അംഗീകരിക്കാനാകില്ലെന്നാണ് പാലോളി മുഹമ്മദ് കുട്ടി പറയുന്നു.


Full View


Tags:    

By - Web Desk

contributor

Similar News