ശിരോവസ്ത്ര വിലക്ക്; 'ലീഗിന്‍റെ പിന്തുണയുണ്ടായിരുന്നെങ്കിൽ വിദ്യാര്‍ഥിനിക്ക് സ്കൂൾ ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നു'; ഡോ.പി.സരിൻ

സ്കൂളിൻ്റെ തിട്ടൂരത്തിന് ഓശാന പാടി വിശ്വാസിയായ കുട്ടിയുടെ തട്ടമഴിക്കാൻ പ്രേരിപ്പിച്ചത് വിശ്വാസ സംരക്ഷണ പാർട്ടിയായ കോൺഗ്രസിൻ്റെ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ്

Update: 2025-10-18 02:42 GMT
Editor : Jaisy Thomas | By : Web Desk

ഡോ.പി.സരിൻ | Photo Facebook

പാലക്കാട്: ശിരോവസ്ത്ര വിലക്കിൽ മുസ്‍ലിം ലീഗിനും കോൺഗ്രസിനുമെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് ഡോ.പി.സരിൻ. മുസ്‍ലിം ലീഗ് എന്നൊരു പാർട്ടി കേരളത്തിനോ മുസ്ലിം സമുദായത്തിനോ ഒരു ഗുണത്തിനും പെടില്ല എന്ന് ഹിജാബ് വിഷയത്തിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ടെന്ന് സരിൻ ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാർഥിനിക്കും കുടുംബത്തിനും ലീഗ് എന്ന സമുദായ പാർട്ടിയിൽ നിന്നും രാഷ്ട്രീയ പിന്തുണ ലഭിച്ചിരുന്നെങ്കിൽ പഠിച്ചിരുന്ന സ്കൂൾ ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Advertising
Advertising

മുസ്‍ലിം ലീഗ് എന്നൊരു പാർട്ടി കേരളത്തിനോ മുസ്ലിം സമുദായത്തിനോ ഒരു ഗുണത്തിനും പെടില്ല എന്ന് ഹിജാബ് വിഷയത്തിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ആ വിദ്യാർഥിനിക്കും കുടുംബത്തിനും ലീഗ് എന്ന സമുദായ പാർട്ടിയിൽ നിന്നും രാഷ്ട്രീയ പിന്തുണ ലഭിച്ചിരുന്നെങ്കിൽ പഠിച്ചിരുന്ന സ്കൂൾ ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നു എന്ന് ഷാജിമാർ ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്ന്.

സ്കൂളിൻ്റെ തിട്ടൂരത്തിന് ഓശാന പാടി വിശ്വാസിയായ കുട്ടിയുടെ തട്ടമഴിക്കാൻ പ്രേരിപ്പിച്ചത് വിശ്വാസ സംരക്ഷണ പാർട്ടിയായ കോൺഗ്രസിൻ്റെ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി എന്നവകാശപ്പെടുന്ന കോൺഗ്രസിൻ്റെ എംപി ഹൈബി ഈഡനാണ് വേട്ടക്കാരോടൊപ്പം സന്ധി ചെയ്ത് ഒത്തുതീർപ്പ് നാടകം കളിച്ചത്. സ്കൂളിൽ തട്ടമിട്ടുകൊണ്ട് പഠിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞു കൊണ്ടാണ് ആ പെൺകുട്ടിയും മാതാപിതാക്കളും പരാതി നൽകിയത്.

കേട്ടപാതി കേൾക്കാത്ത പാതി കോൺഗ്രസിന്‍റെ രണ്ട് നേതാക്കളും ഓടിവന്ന് ഒത്തുതീർപ്പ് ഉണ്ടാക്കിയത്രേ! എന്താണ് ഒത്തുതീർപ്പിൽ പറഞ്ഞത് ? കുട്ടിയോടും കുട്ടിയുടെ മാതാപിതാക്കളോടും പറഞ്ഞു തട്ടമിടാതെ തന്നെ നിങ്ങൾക്ക് സ്കൂളിൽ പഠനം തുടരാം!! ഭരണഘടനാപരമായ കുട്ടിയുടെ അവകാശത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത ഈ ഒത്തുതീർപ്പ് ഫോർമുല കോൺഗ്രസിൻ്റെയും ലീഗിൻ്റെയും ബിജെപി പേടിയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. വിഷയത്തിൻ്റെ തുടക്കം മുതൽ നിലപാടിൽ ഉറച്ചുനിന്നത് വിദ്യാഭ്യാസ മന്ത്രിയാണ്. കേരളത്തിലെ സർക്കാർ സംവിധാനമാണ്. ആ വിഷയത്തെ ഇടതുപക്ഷം നേരിട്ടത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അവകാശ സംരക്ഷണത്തിൽ ഊന്നി നിന്നാണ്.

ഒരു പ്രസ്താവനയിലൂടെ എങ്കിലും വിദ്യാഭ്യാസ മന്ത്രി പറഞ്ഞതിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഒരൊറ്റ കോൺഗ്രസുകാരനെയും ലീഗുകാരനെയും കണ്ടില്ല. അതും പോരാഞ്ഞ് വിദ്യാഭ്യാസ മന്ത്രി മതസ്പർധയുണ്ടാക്കുന്നു എന്നു പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചത്. ഇനി പറയാനുള്ളത് സൈബർ കോൺഗ്രസുകാരോടാണ് :നിങ്ങളുടെ നേതാക്കളുടെ കഴിഞ്ഞ ഒരാഴ്ചത്തെ എഫ്ബി പോസ്റ്റുകൾ എടുത്ത് നോക്കൂ.

ശബരിമലയെ കൂട്ടുപിടിച്ച് നടത്തുന്ന പ്രചരണ വേലകളിലും, നാഷണൽ ഹൈവേക്ക് വേണ്ടി കുരിശ് മാറ്റിസ്ഥാപിച്ച വിഷയത്തിലും ഏതേത് മനുഷ്യരുടെ വിശ്വാസത്തിന് വേണ്ടിയാണോ അവർ ശബ്ദിക്കുന്നു എന്ന് വരുത്തി തീർക്കുന്നത്, അതേ ആത്മാർഥത എന്തേ ഈ വിഷയത്തിൽ ഉണ്ടായില്ല ? തട്ടം ധരിച്ചു സ്കൂളിൽ പോകുന്ന വിഷയം വന്നപ്പോൾ 'തട്ടം ഉപേക്ഷിച്ചു വേണേൽ പഠിച്ചോളാൻ' ആ വിദ്യാർഥിയെ മാത്രമല്ല ഒരു സമുദായത്തെ മുഴുവൻ സമ്മർദ്ദത്തിലാക്കിയതും നിങ്ങളുടെ നേതാക്കൾ തന്നെയല്ലേ ?!

ഇതെല്ലാം പൊതുജനം ശ്രദ്ധിക്കുന്നുണ്ട് പ്രതിപക്ഷമേ. ഏതായാലും ഹിജാബ് വിവാദത്തിൽ ഉറക്കത്തിലായിരുന്ന മുസ്‍ലിം ലീഗ് എന്ന സമുദായ പാർട്ടിയുടെ നേതാക്കൾ ഓരോന്നായി ഇപ്പോൾ രംഗത്ത് വരുന്നത് അഭിനന്ദനാർഹമാണ്. ഇനിയും ഉറക്കം നടിക്കുന്ന യൂത്ത് ലീഗും എംഎസ്എഫും ഉടൻ രംഗത്ത് വരുമെന്നും കരുതാം. നാല് വോട്ടിനു വേണ്ടി എവിടേയും കമിഴ്ന്ന് വീഴാൻ മാത്രം ശീലിച്ചവർക്ക് നടുനിവർത്തി നിന്ന് അനീതിക്കെതിരേ പോരാടാൻ ഇനിയും കഴിയുന്നില്ലെങ്കിൽ പിന്നെയാ സമുദായ സ്നേഹത്തിൻ്റെ ക്ലാസും കൊണ്ട് ഇടതുപക്ഷത്തിനെ പഠിപ്പിക്കാൻ വരരുത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News