ജീവകാരുണ്യ പ്രവർത്തകൻ ഡോ. ഷാനവാസിന്റെ മരണത്തിൽ ദുരൂഹത? പുനരന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ കൂട്ടായ്മ

കോഴിക്കോട് നിന്ന് മൂന്ന് സുഹൃത്തുക്കളോടൊപ്പം കാറിൽ നിലമ്പൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ഷാനവാസിന്‍റെ മരണം

Update: 2023-01-27 01:33 GMT
Editor : Lissy P | By : Web Desk
Advertising

മലപ്പുറം: ആദിവാസി മേഖലയിലെ ജീവകാരുണ്യ പ്രവർത്തകൻ ഡോ. ഷാനവാസിന്റെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ കൂട്ടായ്മ. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണത്തിലൂടെ ദുരൂഹത നീക്കണമെന്നുമാണ് മലപ്പുറം ജില്ല വിവരാവകാശ കൂട്ടായ്മയുടെ ആവശ്യം. അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കൂട്ടായ്മ ഭാരവാഹികൾ.

ആദിവാസി മേഖലകളിൽ ആതുര സേവനമുൾപ്പെടെ ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായിരുന്ന ഡോ പി.സി ഷാനവാസ് 2015 ഫെബ്രുവരി 13 നാണ് മരിച്ചത്. കോഴിക്കോട് നിന്ന് മൂന്ന് സുഹൃത്തുക്കളോടൊപ്പം കാറിൽ നിലമ്പൂരിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം. ആത്മഹത്യയല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ശ്വാസനാളത്തിൽ ഭക്ഷണാവശിഷ്ടങ്ങളുള്ളതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് വിവരാവകാശ കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെടുന്നത്.

അന്ന് കാറിൽ ഒപ്പമുണ്ടായിരുന്നയാൾ പിന്നീട് സ്ത്രീ പീഡനകേസിൽ അറസ്റ്റിലാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇതോടൊപ്പം ഡോ. ഷാനവാസിൻറെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ആത്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ ഷാനവാസിൻറെ മരണശേഷം സുഹൃത്തുക്കളിൽ ചിലർ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ഇക്കാര്യമുൾപ്പെടെ അന്വേഷണ പരിധിയിൽ വരണമെന്നും ഇവർ ആവശ്യപ്പെടുന്നു.

അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ആഭ്യന്തര സെക്രട്ടറിക്ക് മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ പ്രവർത്തകർ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ലെന്നും ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും വിവരാവകാശ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News