ക്യാന്‍വാസ് തലതിരിച്ച്, വര ചെറുവിരല്‍ കൊണ്ട്; വൈറലാണ് അല്‍ത്താഫിന്‍റെ വര

മഹാത്മാഗാന്ധിയുടെ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ അൽത്താഫ് എം ഷിഹാബ്

Update: 2021-06-25 05:09 GMT
By : Web Desk
Advertising

പലതരത്തിൽ പല രീതിയിൽ ചിത്രങ്ങൾ വരയ്ക്കുന്ന നിരവധി പേരെ നാം കണ്ടിട്ടുണ്ട്. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തമാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ അൽത്താഫ് എം ഷിഹാബ്. മഹാത്മാഗാന്ധിയുടെ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ഇപ്പോള്‍ അല്‍ത്താഫ്.

ക്യാന്‍വാസ് തലകുത്തനെ തിരിച്ചുവെച്ച് ചെറുവിരൽ കൊണ്ട് ചിത്രങ്ങൾ വരയ്ക്കുമ്പോൾ അത് മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തമാണ്. ഇങ്ങനെ കുറഞ്ഞ സമയത്തിനുള്ളിൽ ചെറുവിരൽ കൊണ്ട് തല തിരിച്ചു വെച്ച ക്യാൻവാസിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം വരച്ചതോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡി ലും ഈ കൊച്ചുമിടുക്കൻ ഇടംപിടിച്ചു കഴിഞ്ഞു. ചിത്രരചനയിലൂടെ സമ്മാനമായി ലഭിച്ച തുക വാക്സിൻ ചലഞ്ചിലേക്കും നൽകി പ്ലസ്ടു കാരനായ ഈ കൊച്ചു മിടുക്കൻ ശ്രദ്ധേയനായിരിക്കുകയാണ്.

80 സെന്‍റീമീറ്റര്‍ ഉയരവും 60 സെന്‍റീമീറ്റര്‍ വീതിയുമുള്ള ഗാന്ധിജിയുടെ ചിത്രം വരച്ചത് കേവലം 30 മിനിറ്റു കൊണ്ടാണ്. ചെറുപ്പം മുതലെ ചിത്രകലയില്‍ കഴിവുതെളിയിച്ച അൽത്താഫ് ലോക്ക്ഡൗണ്‍ കാലത്താണ് ചിത്രരചനയിൽ ഈ വ്യത്യസ്തമായ രീതി അവലംബിച്ചു തുടങ്ങിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിലും അൽത്താഫിനെ ചിത്രം വര വൈറലാണ്.

അൽത്താഫിന്‍റെ ചിത്രരചന വ്യത്യസ്തമായതോടെ പലയിടങ്ങളിൽ നിന്നും സമ്മാനത്തുകയും ലഭിക്കുന്നുണ്ട്. ഇങ്ങനെ ലഭിച്ച തുക വാക്സിൻ ചലഞ്ചിലേക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഈ കൊച്ചുമിടുക്കൻ കൈമാറിയിട്ടുണ്ട്. അല്‍ത്താഫിന് പൂര്‍ണ പിന്തുണ നല്‍കുന്നത് മാതാപിതാക്കളായ ഷിഹാബും സബീനയും സഹോദരി അജ്മിയുമാണ്.

Full View


Tags:    

By - Web Desk

contributor

Similar News