വിദ്വേഷ പ്രസംഗം; മലയാളം മിഷന്‍ ഖത്തർ കോർഡിനേറ്റർ സ്ഥാനത്ത് നിന്നും ദുർഗാ ദാസിനെ നീക്കി

നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ പേരിൽ പെൺകുട്ടികളെ കൊണ്ടുവരുന്നത് തീവ്രവാദികൾക്ക് ലൈംഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണെന്നായിരുന്നു ദുർഗാ ദാസിന്റെ പരാമർശം

Update: 2022-05-05 12:54 GMT
Advertising

ദോഹ: തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തിൽ നടത്തിയ വിദ്വേഷ പരാമർശത്തിൽ  മലയാളം മിഷൻ ഖത്തർ ചാപ്റ്റർ മേഖല കോർഡിനേറ്റർ ദുർഗാ ദാസിനെ സ്ഥാനത്ത് നിന്നും നീക്കി. തൊഴിൽ തേടി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണ് പരാമർശമെന്ന് കണ്ടത്തിയതിനെ തുടർന്നാണ് നടപടി.  നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ പേരിൽ പെൺകുട്ടികളെ കൊണ്ടുവരുന്നത് തീവ്രവാദികൾക്ക് ലൈംഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണെന്നും ഇന്ത്യയെക്കാളേറെ ഗൾഫ് നാടുകളിലാണ് ഏറ്റവും കൂടുതൽ മതപരിവർത്തനം നടക്കുന്നതെന്നുമായിരുന്നു ദുർഗാ ദാസിന്റെ പരാമർശം. മുസ്ലിം സംഘടനകളെയും ഇയാൾ പേരെടുത്ത് പരാമർശിച്ചു.

ഇയാൾക്കെതിരെ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും മിഷൻഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും പ്രതിഷേധമറിയിച്ചിരുന്നു. ഖത്തർചാപ്റ്റർ പ്രസിഡന്റ് അടക്കം നിരവധി പേർ മിഷനിലേക്ക് നടപടി ആവശ്യപ്പെട്ടുകൊണ്ട് മെയിലുകളും അയച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘപരിവാർ നേതൃത്വത്തിൽ നടന്ന ഹിന്ദുമഹാ സമ്മേളനത്തിലാണ് ദുർഗാ ദാസ് വർഗീയ പരാമർശം നടത്തിയത്. ഇന്ത്യൻ എമ്പസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐസിബിഎഫ് അംഗം കൂടിയാണ് ദുർഗാ ദാസ്.



Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News