ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകൾ നിർത്തിവച്ച സ്വകാര്യ ലാബുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ

സംസ്ഥാനത്ത് രണ്ടാം തരംഗം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു

Update: 2021-05-01 06:52 GMT

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകൾ നിർത്തിവച്ച സ്വകാര്യ ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെ തുടർന്ന് ചില സ്വകാര്യ ലാബുകൾ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിർത്തി വച്ചിരിക്കുകയാണ്.സംസ്ഥാനത്ത് രണ്ടാം തരംഗം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഈ നിലപാടിനെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Advertising
Advertising

1700 രൂപയായിരുന്ന നിരക്കാണ് സംസ്ഥാന സർക്കാർ 500 രൂപയിലേക്ക് കുറച്ചത്. ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. എന്നാൽ, കുറഞ്ഞ നിരക്കിൽ പരിശോധന നടത്തേണ്ടതിന് പകരം, ആര്‍ടിപിസിആര്‍ ടെസ്റ്റ് തന്നെ ഒഴിവാക്കിയിരിക്കുകയാണ് ചില സ്വകാര്യ ലാബുകൾ. കുറഞ്ഞ നിരക്കിൽ ടെസ്റ്റ് നടത്താൻ സാധിക്കില്ലെന്ന നിലപാട് അനുവദിക്കാൻ കഴിയില്ല. ഡി.വൈ.എഫ്.ഐ പ്രസ്താവനയിലൂടെ പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി എല്ലാ കോവിഡ് പരിശോധനകളും നടത്തുമ്പോഴാണ്, സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത തരത്തില്‍ ചില സ്വകാര്യ ലാബുകളുടെ പ്രവർത്തനം. സർക്കാർ - സ്വകാര്യ മേഖലയിലെ ആരോഗ്യ സംവിധാനങ്ങൾ ഒത്തൊരുമയോടെ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കേണ്ട സമയത്ത് ചില സ്വകാര്യ ലാബുകളുടെ മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങളെ നീതീകരിക്കാൻ കഴിയില്ല. ഡി.വൈ.എഫ്.ഐ വിമര്‍ശിച്ചു.

ആര്‍ടിപിസിആര്‍ പരിശോധന മനപ്പൂർവ്വം നിർത്തിവച്ചിരുന്ന ലാബുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് അതാത് ജില്ലാ കലക്ടർമാർക്ക് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിമാർ പരാതി നൽകും. മഹാമാരിക്കാലത്ത് മനുഷ്യജീവനെ മറന്നുകൊണ്ട് പ്രവർത്തിക്കുന്ന സ്വകാര്യ ലാബുകൾക്കെതിരെ പകര്‍ച്ച വ്യാധി തടയൽ നിയമ പ്രകാരവും ദുരന്ത നിവാരണ നിയമ പ്രകാരവും കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News