ഇ ബുള്‍ജെറ്റ് വ്ലോഗര്‍മാര്‍ക്ക് ജാമ്യം

കൃത്യനിര്‍വ്വഹണം തടസപ്പെടുത്തൽ, പൊതുമുതല്‍ നശിപ്പിക്കൽ എന്നിവയടക്കം ഏഴോളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്.

Update: 2021-08-10 12:40 GMT
Editor : Suhail | By : Web Desk
Advertising

കണ്ണൂരില്‍ ആർ.ടി.ഒ ഓഫീസില്‍ അതിക്രമം ചെയ്തതിനെ തുടര്‍ന്ന് പിടിയിലായ യുട്യൂബ് വ്ലോഗർമാര്‍ക്ക് ജാമ്യം. പൊതുമുതല്‍ നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടയുകയും ചെയ്തെന്ന കേസിലാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്ലോഗര്‍മാരായ എബിനും ലിബിനും ജാമ്യം അനുവദിച്ചത്. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തൽ, പൊതുമുതല്‍ നശിപ്പിക്കൽ എന്നിവയടക്കം ഏഴോളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്.

കലക്ടറേറ്റിലെ ആർ.ടി.ഒ ഓഫിസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പിഴയടയ്ക്കാമെന്ന് ഇ ബുൾജെറ്റ് സഹോദരങ്ങൾ കോടതിയിൽ സമ്മതിച്ചിരുന്നു. ഓഫീസിലെ 7,000 രൂപ വില വരുന്ന കമ്പ്യൂട്ടര്‍ മോണിറ്റര്‍ തകര്‍ന്ന സംഭവത്തില്‍ പണം അടക്കാന്‍ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്നും ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

പൊതുമുതൽ നശിപ്പിച്ചതിനുള്ള പിഴ അടക്കുകയും എല്ലാ ബുധനാഴ്ചയും രാവിലെ അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയും ജാമ്യം ലഭിക്കുന്നതിനായി കോടതി മുന്നോട്ട് വെച്ചു. 25,000 രൂപയുടെ ആൾജാമ്യവും കോടതി ഉപാധിയായി വെച്ചു. ഇരുവരെയും ഇന്നു തന്നെ പുറത്തിറക്കാനാകുമെന്ന് അഭിഭാഷകൻ പറഞ്ഞു

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News