"വണ്ടിയെ പ്രണയിച്ചതിന് തീവ്രവാദിയെ പോലെ പിടിച്ചുകൊണ്ടുപോകുന്നു..." വ്ലോഗര്‍മാരെ കോടതിയില്‍ ഹാജരാക്കും

നിയമാനുസൃതമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് ആര്‍.ടി.ഒ നേരത്തെ പറഞ്ഞിരുന്നു.

Update: 2021-08-09 12:20 GMT
Editor : Suhail | By : Web Desk
Advertising

നിയമപരമായി വാഹനമോടിച്ചതിന് തങ്ങളെ വാഹനവകുപ്പ് അനാവശ്യമായി വേട്ടയാടുകയാണെന്ന് വ്ലോഗര്‍ സഹോദരങ്ങളായ എബിനും ലിബിനും. വണ്ടിയെ സ്‌നേഹിച്ചതിന് തീവ്രവാദിയെ കൊണ്ടുപോകുന്നത് പോലെയാണ് പൊലീസ് കൊണ്ടുപോകുന്നതെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. 

ആര്‍.ടി ഓഫീസില്‍ അതിക്രമിച്ച് കയറിയതിനാണ് വ്ലോഗര്‍മാര്‍ക്കെതിരെ കേസ് എടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കും. രൂപമാറ്റം വരുത്തിയ വാഹനം നിരത്തിലിറക്കിയതിനാണ് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ വ്ലോഗര്‍മാരുടെ വാഹനം കസ്റ്റഡിയിലെടുത്തത്.

നികുതി അടച്ചില്ലെന്ന് പറഞ്ഞാണ് വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചുകൊണ്ടുപോയത്. ടാക്‌സ് അടച്ചാല്‍ വണ്ടി വിട്ടുതരുമെന്ന് പറഞ്ഞതായി വ്ലോഗര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇവര്‍ പറ്റിക്കുകയാണുണ്ടായതെന്നും പൊലീസ് കസ്റ്റഡിയിലിരിക്കെ ഇരുവരും പറഞ്ഞു. പൊലീസ് കസ്റ്റഡിയിലിരിക്കെ നാടകീയ രംഗങ്ങളാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അരങ്ങേറിയത്.

കണ്ണൂര്‍ ആര്‍.ടി.ഒയില്‍ കൊണ്ടുവന്ന തങ്ങള്‍ക്ക് അമ്പത്തിരണ്ടായിരം രൂപയുടെ പിഴയാണ് തന്നത്. എന്നാല്‍ ഈ കോവിഡ് ദുരിതത്തിനിടയില്‍ എങ്ങനെ ഈ പണം ഉണ്ടാക്കാനാണ്. പൊലീസ് നിരന്തരം വേട്ടയാടുകയാണ്. ഉറങ്ങാന്‍ പോലും സമ്മതിക്കുന്നില്ല.

നിയമപരമായി ഓടിക്കുന്ന വണ്ടിയായിരുന്നു. തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയാണ് ചെയ്തിരിക്കുന്നത്. തങ്ങള്‍ ചെയ്ത യാത്രയെ കുറിച്ച് കേരളത്തിലെ എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തങ്ങളെ കുടുക്കുകയായിരുന്നുവെന്നും വ്ലോഗര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

യൂട്യൂബ് വ്ലോഗര്‍മാരുടെ ആരാധകരും കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. ഒരുവേള ഇവര്‍ക്ക് ജയ് വിളിക്കാനുള്ള ശ്രമവും ഉണ്ടായി. എന്നാല്‍, അതിക്രമം പ്രവര്‍ത്തിക്കുന്നവരെ കസ്റ്റഡിയിലെടുക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ പിരിഞ്ഞുപോവുകയയായിരുന്നു.

തിരുവനന്തപുരത്ത് നിന്നുമുള്ള ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ ആര്‍.ടി.ഒ ഇ ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരുടെ വാഹനം പരിശോധക്കുന്നത്. ഒന്‍പതോളം നിയമലംഘനങ്ങള്‍ ഇവരുടെ വാഹനത്തിനുണ്ട് എന്നാണ് ആര്‍.ടി.ഒ കണ്ടെത്തിയത്. തുടര്‍ന്ന് വാഹനം ഹാജരാക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ലെന്നുമാണ് വാഹനവകുപ്പ് വിശദീകരിക്കുന്നത്. നിയമാനുസൃതമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് ആര്‍.ടി.ഒ നേരത്തെ പറഞ്ഞിരുന്നു.

Full View

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News