കരുവന്നൂർ ബാങ്കിൽ ഇ.ഡി റെയ്ഡ്; നിരവധി രേഖകൾ പിടിച്ചെടുത്തു

രാവിലെ എട്ടുമണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

Update: 2022-08-10 08:02 GMT
Editor : Nidhin | By : Web Desk
Advertising

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ എൻഫോഴ്‌സ്‌മെന്റ് നിരവധി രേഖകൾ പിടിച്ചെടുത്തു. പ്രതികളുടെ വീടുകളിലും ബാങ്കിലും ഒരേസമയം നടത്തിയ റെയ്ഡിലാണ് രേഖകൾ പിടിച്ചെടുത്തത്. രാവിലെ എട്ടുമണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

ബാങ്കിലെ വായ്പകളും ചിട്ടികളും സംബന്ധിച്ച ലെഡ്ജറുകളാണ് ഇഡി കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ വീടുകളിൽ ആധാരം ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പും ഇഡി പിടിച്ചെടുത്തിട്ടുണ്ട്.

ബാങ്കിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്.

അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി കഴിഞ്ഞ ആഴ്ച നിർദേശം നൽകിയിരുന്നു. നിക്ഷേപകർക്ക് കേരള ബാങ്ക് പണം കൊടുക്കുമോയെന്നും കോടതി ചോദിച്ചു. നിക്ഷേപകർക്ക് പണം നൽകാൻ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഈട് നൽകി വായ്പയെടുക്കുന്ന നടപടി വേഗത്തിലാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ടോക്കൺ അനുസരിച്ച് പണം തിരികെ നൽകുന്ന സംവിധാനം നിർത്തിവെക്കാനും കോടതി നിർദേശം നൽകിയിരുന്നു.

കഴിഞ്ഞ വർഷം ആഗസ്തിലാണ് കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നത്. ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളുമടക്കം 19 പേർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. 226 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു സഹകരണ വകുപ്പിൻറെ അന്വേഷണ റിപ്പോർട്ട്.വ്യാജ രേഖകൾ ഉണ്ടാക്കി വായ്പ നൽകി തട്ടിപ്പ്, പ്രതിമാസ ചിട്ടി നടത്തിപ്പിൽ തട്ടിപ്പ്, സഹകരണ വ്യാപാര സ്ഥാപനങ്ങളിൽ ക്രമക്കേട് എന്നിങ്ങനെ 226 കോടി രൂപ ബാങ്കിന് നഷ്ടമായി.വ്യാജ വായ്പയിലൂടെ നഷ്ടമായത് 215 കോടി രൂപയാണ്. പ്രതിമാസ ചിട്ടി നടത്തിപ്പിൽ 19 കോടി തട്ടിപ്പ് നടത്തി. സഹകരണ സൂപ്പർ മാർക്കറ്റുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽ 1.8 കോടിയുടെ ക്രമക്കേടും കണ്ടെത്തിയിരുന്നു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News