Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സമസ്തയുമായി അടുത്ത ആഴ്ച ചർച്ച നടത്തും. ചർച്ച തീരുമാനം മാറ്റാനല്ലെന്നും തീരുമാനം ബോധ്യപെടുത്താനാണെന്നും ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരമെന്ന് സമസ്ത. സമയമാറ്റത്തിൽ പിന്നോട്ടില്ലെങ്കിൽ പിന്നെ ചർച്ച എന്തിനെന്ന് ഉമർ ഫൈസി മുക്കം ചോദിച്ചു. സ്കൂൾ സമയമാറ്റത്തിൽ ചർച്ച വേണമെന്ന സമസ്തയുടെ വാദം ആദ്യം സർക്കാർ നിരാകരിച്ചെങ്കിലും പിന്നീട് ചർച്ചക്ക് തയ്യാറാവുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രി ജിഫ്രി തങ്ങളുമായി ഫോണിൽ സംസാരിച്ച് അടുത്ത ആഴ്ച ചർച്ചയാകാമെന്ന് തീരുമാനിച്ചു.
അതേസമയം, സമയമാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നിലപാട് മന്ത്രി ആവർത്തിച്ചു. ഇന്ന് കോഴിക്കോട് ചേർന്ന സമസ്ത കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ മന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉയർന്നു. മുശാവറ അംഗം ഉമർ ഫൈസി മുക്കം അതൃപ്തി പരസ്യമാക്കി. 'മുസ്‍ലിം സമുദായത്തെ അവഗണിച്ച് മുന്നോട്ട് പോകാമെന്ന് സർക്കാർ വിചാരിക്കേണ്ട, വിരട്ടുകയും വേണ്ട. അവഗണിച്ചാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും’ ഉമർ ഫൈസി മുക്കം പറഞ്ഞു.
സ്കൂൾ സമയം മാറ്റത്തിൽ അനുകൂല നടപടിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സമസ്ത. നിലവിലെ തീരുമാനം മദ്റസ പഠനത്തെ ബാധിക്കും. ചർച്ചയിൽ പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കും. അനുകൂല തീരുമാനമില്ലെങ്കിൽ എല്ലാ പോഷക സംഘടനകളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സമസ്ത നേതാക്കൾ പറഞ്ഞു