അക്കാദമിക അന്തരീക്ഷത്തെ ബാധിക്കും; നാലു വർഷ ബിരുദത്തിനെതിരെ വിദ്യാഭ്യാസ വിദഗ്ധരുടെ കൂട്ടായ്മ
പ്രൊഫ എം.എൻ കാരശ്ശേരി,ഡോ. ജെ. പ്രഭാഷ്,സാറാ ജോസഫ് തുടങ്ങി 70തോളം വിദ്യാഭ്യാസ പ്രവർത്തകരാണ് രംഗത്ത് വന്നിട്ടുള്ളത്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പുതിയ പദ്ധതിയായ നാലു വർഷ ബിരുദത്തിനെതിരെ വിദ്യാഭ്യാസ വിദഗ്ധരുടെ കൂട്ടായ്മ. തയ്യാറെടുപ്പുകൾ ഇല്ലാതെ നടപ്പിലാക്കുന്ന പദ്ധതി അക്കാദമിക അന്തരീക്ഷത്തെയും ജനാധിപത്യ ഘടനയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോപണം. പ്രൊഫ എം.എൻ കാരശ്ശേരി,ഡോ. ജെ. പ്രഭാഷ്,സാറാ ജോസഫ് തുടങ്ങി 70തോളം വിദ്യാഭ്യാസ പ്രവർത്തകരാണ് രംഗത്ത് വന്നിട്ടുള്ളത്.
ജൂലൈ ഒന്നിന് നാലു വർഷ ബിരുദം ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ വിദഗ്ധർ എതിർപ്പുമായി രംഗത്ത് വരുന്നത്. സർവകലാശാലാ വിദ്യാഭ്യാസത്തിന്‍റെ നട്ടെല്ലായ ബിരുദ കോഴ്സുകൾ ഉടച്ചു വാർക്കുന്നത് ഉന്നത വിദ്യാഭ്യാസത്തെ പ്രതിസന്ധിയിലാക്കുമെന്ന് ആണ് ഇവരുടെ അഭിപ്രായം. ആദ്യത്തെ രണ്ടു സെമസ്റ്ററുകളിൽ മുഖ്യവിഷയം തെരഞ്ഞെടുക്കാൻ പോലു വിദ്യാർഥികൾക്ക് കഴിയില്ല. മേഖലകൾ നിശ്ചയിച്ച് ഉള്ള പഠനം ഇല്ലാത്തത് ബിരുദ വിദ്യാഭ്യാസത്തെ കൂടാതെ ബിരുദാനന്തര ബിരുദത്തെയും ഗവേഷണ മേഖലയേയും പ്രതിസന്ധിയിലാക്കും.
സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ മാനിക്കാതെയുള്ള പരിഷ്കാരം ഏകപക്ഷീയമാണെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. പുതിയ മാറ്റം അധ്യാപകരെയും സാരമായി ബാധിക്കും എന്ന് വിദഗ്ധർ പറയുന്നു. നിലവിലുള്ള ഭാഷാധ്യാപകരും ശാസ്ത്രാധ്യാപകരും അധികപ്പറ്റായി മാറും. കേരളത്തിലെ അക്കാദമിക വിദ്ഗ്ധരുടെ സൂക്ഷ്മമായ അഭിപ്രായം പരിശോധിച്ച ശേഷം മാത്രമേ മറ്റു നടപടികളിലേക്ക് കടക്കാവൂ എന്നാണ് ഇവരുടെ ആവശ്യം.