നടിയെ ആക്രമിച്ച കേസ്: 'പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ട്, അർഹമായ ശിക്ഷ വിധിക്കുമെന്നാണ് പ്രതീക്ഷ': അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി

ഡിസംബര്‍ എട്ടിനാണ് കേസില്‍ അന്തിമവിധി

Update: 2025-12-06 04:27 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക. കടുത്ത മാനസിക സംഘര്‍ഷമാണ് അതിജീവിത അനുഭവിച്ചത്. ഒന്നാംപ്രതിക്ക് ഉറപ്പായും ശിക്ഷ ലഭിക്കും. ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കിക്കൊണ്ട് അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി മീഡിയവണിനോട് പറഞ്ഞു.

'കേസില്‍ വിധി വരുന്നുവെന്നത് തന്നെ വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിഷയത്തില്‍ ഒരു അവസാനം ഉണ്ടാകാന്‍ പോവുകയാണല്ലോ. കഴിഞ്ഞ എട്ട് വര്‍ഷമായി അതിജീവിത കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്.'

Advertising
Advertising

'പ്രോസിക്യൂഷന്‍ ഒരുപാട് തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. ഹാജരാക്കിയ തെളിവുകള്‍ മുഴുവന്‍ കോടതി അംഗീകരിക്കണമെന്നില്ല.' അഭിഭാഷക വ്യക്തമാക്കി.

'തെളിയിക്കപ്പെടാന്‍ സാധ്യത കുറവുള്ള ഒന്നാണ് ഗൂഢാലോചന. ചെറിയ തെളിവ് ഉണ്ടെങ്കില്‍ തന്നെ ശിക്ഷിക്കപ്പെടാനും വെറുതെ വിടാനും സാധ്യതയുണ്ട്. മതിയായ തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.'

'താന്‍ തന്നെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് ചാനലില്‍ വന്ന് ഒരു പ്രതി ഏറ്റുപറഞ്ഞത് ഈ കേസില്‍ മാത്രമാണ്. ഒന്നാംപ്രതിയെ ശിക്ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എട്ടാംപ്രതിയുടെ കാര്യത്തിലാണ് കോടതി കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത്'. നീതി ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണുള്ളതെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ എട്ടിനാണ് കേസില്‍ അന്തിമവിധി. എല്ലാ പ്രതികളും അന്നേ ദിവസം ഹാജരാകണം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ നടപടികള്‍ പുരോഗമിക്കുന്നത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News