14കാരിയെ തട്ടിക്കൊണ്ടുപോയി പീഡനം: പ്രതിക്ക് എട്ട് വർഷം കഠിന തടവ്

പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ഒമ്പതാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.

Update: 2023-01-20 13:14 GMT
Advertising

തിരുവനന്തപുരം: 14കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം കഠിന തടവും 25,000 രൂപ പിഴയും. തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയം ശ്രീരാമകൃഷ്ണ ആശ്രമത്തിന് സമീപം കൃഷ്ണ ഭവനിൽ ലാൽ പ്രകാശിനെ (29)യാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നു. പിഴത്തുക ഇരയ്ക്ക് നൽകാനും ഉത്തരവിലുണ്ട്.

2013 മേയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ഒമ്പതാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതിയുടെ കൂട്ടുകാരൻ്റെ വീട്ടിലാണ് പെൺകുട്ടിയെ താമസിപ്പിച്ചിരുന്നത്. ഇവിടെ വച്ച് പ്രതി കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് വീട്ടുകാരോട് ബന്ധപ്പെടാനോ പുറത്തേക്ക് പോകാനോ പെൺകുട്ടിയെ പ്രതി സമ്മതിച്ചില്ല.

വീട്ടുകാർ പെൺകുട്ടിയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ ആവാത്തതിനാൽ പേട്ട പൊലീസിൽ പരാതി നൽകി. രണ്ടാഴ്ച്ച കഴിഞ്ഞ് കുട്ടി മറ്റൊരു ഫോണിൽ നിന്ന് അമ്മയെ വിളിച്ച് സംസാരിക്കുകയായിരുന്നു. തുടർന്ന് പേട്ട പൊലീസും വീട്ടുകാരും ചേർന്ന് വീട്ടിൽ നിന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ, അഭിഭാഷകരായ എം. മുബീന, ആർ.വൈ അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും 19 തൊണ്ടിമുതലുകളും ഹാജരാക്കി. പേട്ട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന എസ്. അരുൺകുമാർ, എ. അഭിലാഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News