വിമതർക്കെതിരെ കർശന നടപടികളുമായി ശിവസേന; ഏക്‌നാഥ് ഷിൻഡെയെ സസ്‌പെൻഡ് ചെയ്‌തേക്കും

വിമതനേതാവ് ഏക്‌നാഥ് ഷിൻഡെ ഗുവാഹതിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വിമതപക്ഷത്തിന്റെ ഭാവി തീരുമാനങ്ങൾ അതിന് ശേഷം പ്രഖ്യാപിക്കുമെന്നാണ് വിവരം.

Update: 2022-06-25 10:31 GMT
Advertising

മുംബൈ: വിമതനീക്കം നടത്തുന്ന ഏകനാഥ് ഷിൻഡെ അടക്കമുള്ള നേതാക്കളെ ശക്തമായി നേരിടാനുള്ള നീക്കവുമായി മഹാ വികാസ് അഗാഡി സഖ്യം. വിമതരെ അയോഗ്യരാക്കുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ശിവസേനയുടെ തീരുമാനം. വിമതനേതാവ് ഏക്‌നാഥ് ഷിൻഡെയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.

വിമത ക്യാമ്പിലുള്ള നാല് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഡെപ്യൂട്ടി സ്പീക്കർക്ക് നോട്ടീസ് നൽകിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മറ്റു 16 എംഎൽഎമാരോട് തിങ്കളാഴ്ചക്കകം നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സഞ്ജയ് റായ്മുൽക്കർ, ചിമാൻ പാട്ടീൽ, രമേശ് ബോർനാരെ, ബാലാജി കല്യാൺകർ എന്നിവരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

തുടക്കത്തിൽ ഉദ്ധവ് താക്കറെ അനുനയശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഏക്‌നാഥ് ഷിൻഡെ വഴങ്ങാൻ തയ്യാറായിരുന്നില്ല. ഇന്നലെ രാത്രി എൻസിപി അധ്യക്ഷൻ ശരദ് പവാർ ഉദ്ധവുമായി ഏറെ നേരം ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും ഉദ്ധവിനോട് സംസാരിച്ചിരുന്നു. അവസാനം വരെ കൂടെനിൽക്കുമെന്ന് ഇരുവരും ഉറപ്പ് നൽകിയതോടെയാണ് ഉദ്ധവ് താക്കറെ വിമതർക്കെതിരെ കർശന നടപടിയുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചത്.

അതേസമയം വിമതനേതാവ് ഏക്‌നാഥ് ഷിൻഡെ ഗുവാഹതിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വിമതപക്ഷത്തിന്റെ ഭാവി തീരുമാനങ്ങൾ അതിന് ശേഷം പ്രഖ്യാപിക്കുമെന്നാണ് വിവരം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News