ഇലന്തൂര്‍ ഇരട്ടനരബലി; രണ്ടാമത്തെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്

Update: 2023-01-21 02:52 GMT
Editor : Jaisy Thomas | By : Web Desk

ഇലന്തൂര്‍ നരബലി കേസിലെ പ്രതികളും ഇരകളും

Advertising

കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. കാലടി സ്വദേശി റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപെടുത്തി 89-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്.

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂരിലെ ഇരട്ട നരബലിക്കേസിൽ രണ്ടാമത്തെ കുറ്റപത്രം പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് അഡീഷണൽ എസ്.പി, ടി. ബിജി ജോർജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സമർപ്പിക്കുക. കഴിഞ്ഞ ജൂൺ എട്ടിനാണ് മുഖ്യപ്രതിയായ മുഹമ്മദ്‌ ഷാഫി കാലടി സ്വദേശി റോസ്‌ലിയെ ഇലന്തൂരിലെ ഭഗവൽ സിംഗിന്‍റെ വീട്ടിൽ എത്തിച്ച് നരബലി നടത്തിയത്. തുടർന്ന് പ്രതികൾ റോസ്‌ലിയുടെ ശരീരം കഷ്ണങ്ങളാക്കി കുഴിച്ച് മൂടുകയായിരുന്നു. പ്രതികൾ നരഭോജനം നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതിനാൽ കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന പരാമർശവും കുറ്റപത്രത്തിൽ ഉണ്ട്.

തുടക്കത്തിൽ റോസ്‌ലിയെ കാണാനില്ലെന്ന പരാതി ലഭിക്കാൻ വൈകിയത് തിരോധാനക്കേസിൽ കാലടി പൊലീസിന് തിരിച്ചടിയായിരുന്നു. എന്നാൽ പിന്നീട് അന്വേഷണം വേഗത്തിലാക്കിയതോടെയാണ് ഇലന്തൂരിൽ നടന്ന ഇരട്ട നരബലിയുടെ ചുരുൾ അഴിഞ്ഞത്. മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരാണ് പ്രതികൾ. ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് കേസിൽ നിർണായകമായത്. പ്രതികളുടെ കുറ്റം തെളിയിക്കാൻ കഴിയുന്ന എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണസംഘം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News