Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡ് യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ ഹാജരാകാൻ വൈഷ്ണയ്ക്കും പരാതിക്കാരൻ ധനേഷ് കുമാറിനും നോട്ടീസ് ലഭിച്ചു.
ഇരുവരോടും നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. വൈഷ്ണയുടെ ഹർജിയിൽ ഹൈക്കോടതി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നടപടി. ഹരജിക്കാരിയുടെയും പരാതിക്കാരൻ്റെയും ഹിയറിങ് വിളിച്ചുചേർക്കാനായിരുന്നു കോടതി നിർദേശം. മുട്ടട വാർഡിൽ വ്യാജ മേൽവിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേർത്തു എന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വൈഷ്ണയുടെ സ്ഥാനാർത്ഥിത്വത്തിലെ അനിശ്ചിതത്വം ഒഴിവാകുക.
അതേസമയം, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പ്രതീക്ഷ അർപ്പിച്ച് പ്രചരണം തുടരുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ് സ്ഥാനാർഥി വൈഷ്ണ സുരേഷ് മീഡിയവണ്ണിനോട് പറഞ്ഞു. സ്ഥാനാർഥിത്വത്തിന് അനുകൂലമായുള്ള സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക സൈബർ ആക്രമണങ്ങൾ നേരിട്ടു. കോടതിയിലും നിയമ സംവിധാനങ്ങളിലും വിശ്വാസമുണ്ടെന്നും വൈഷ്ണ പറഞ്ഞു.