മയക്കുവെടി വച്ച ആനയെ കോടനാട്ടേക്ക് കൊണ്ടുപോകും; ആരോഗ്യനില മോശം
പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്
തൃശൂര്‍: അതിരപ്പിള്ളിയിൽ മയക്കുവെടിയേറ്റ് വീണ ആനയെ ഉയർത്തി. കുംകിയാനകളുടെ സഹായത്തോടെ ലോറിയിലേക്ക് കയറ്റി. ആനയുടെ ആരോഗ്യനില മോശമായി തുടരുകയാണ്. പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്. മുറിവിനുള്ള ചികിത്സ അതിരപ്പിള്ളിയിൽവച്ച് പൂർത്തിയാക്കി ആന്‍റിബയോട്ടിക് നൽകി. കോടനാട് എത്തിച്ച ശേഷം ആനയുടെ ആരോഗ്യം പരിശോധിക്കും. ആവശ്യമെങ്കിൽ പ്രത്യേക സംഘം രൂപീകരിക്കും.
ഇന്ന് രാവിലെയാണ് ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘം ആനയെ മയക്കുവെടി വച്ചത്. ഏഴാറ്റുമുഖം ഗണപതി എന്ന മറ്റൊരു കൊമ്പനെ ചാരിയായിരുന്നു ആന മുന്നോട്ടു പോയത്. പടക്കം പൊട്ടിച്ചതോടെ ഗണപതി മസ്കത്തിൽ പരിക്കേറ്റ കൊമ്പനെ തട്ടിയിട്ട ശേഷം മുന്നോട്ടു ഓടിപ്പോയി. ആനയെ മയക്കുവെടി വെച്ച് കഴിഞ്ഞ 24ന് ചികിത്സ നൽകിയതാണെങ്കിലും നില വഷളായതിനെ തുടർന്നാണ് കോടനാടേക്ക് മാറ്റി ചികിത്സ നൽകാൻ വനം വകുപ്പ് തീരുമാനിച്ചത്.
ആനയെ കോടനാട് കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള സങ്കീർണമായ ശ്രമമാണ് വനം വകുപ്പിന്‍റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. മുറിവുകൾ വീണ്ടും പഴുക്കുന്നത് വെല്ലുവിളിയാകുന്നുണ്ട്. എന്നാലും ഇത്തരം സംഭവമുണ്ടാകുമ്പോൾ എടുക്കേണ്ട എല്ലാ ശ്രമങ്ങളും വനം വകുപ്പ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.