ഐ.എസ്.ആർ.ഒ കേസ്; പ്രതികൾക്ക് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം

സിബി മാത്യൂസ് ഉൾപ്പെടെ അഞ്ച് പേർക്കാണ് ജാമ്യം

Update: 2023-01-20 12:01 GMT

കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസിൽ പ്രതികൾക്ക് കർശന ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി. സിബി മാത്യൂസ് ഉൾപ്പെടെ അഞ്ചുപേർക്കാണ് ജാമ്യം. സുപ്രിംകോടതി നിർദേശ പ്രകാരം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ രണ്ടാമതും വാദം കേട്ട ശേഷമാണ് ഹൈക്കോടതി സിബി മാത്യൂസ് ഉൾപ്പെടെ ഉള്ളവർക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നത്.

പ്രതികൾ അന്വേഷണവുമായി സഹകരിക്കണം. ഇന്ത്യവിട്ടു പോകാൻ പാടില്ല. സാക്ഷികളെ സ്വാധീനിക്കരുത്. പ്രതികൾ എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകണം.അറസ്റ്റ് ചെയ്യുന്ന പക്ഷം ഒരു ലക്ഷം രൂപയുടെ ബോണ്ടടക്കമുള്ള ഉപാധികളിന്മേൽ ജാമ്യത്തിൽ വിടാനും ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് നിർദേശം നൽകി.

Advertising
Advertising

മുൻ ഡിജിപി സിബി മാത്യൂസ്, ഐ.ബി മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി ശ്രീകുമാർ, എസ്.വിജയൻ, തമ്പി.എസ്.ദുർഗാദത്ത്, പി.എസ്.ജയപ്രകാശ്, വി.കെ.മയിനി എന്നിവരായിരുന്നു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. പ്രമുഖ ശാസ്ത്രജ്ഞരെ കള്ളകേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമായാണെന്നും ഗൂഢാലോചനയിൽ വിദേശ ശക്തികൾക്ക് ബന്ധമുണ്ടെന്നുമായിരുന്നു സിബിഐയുടെ വാദം. അതിനാൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സിബിഐ വാദിച്ചു. ഈ ആവശ്യങ്ങൾ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. കേസിൽ തങ്ങളുടെ വാദം കേൾക്കാതെയാണ് സിബിഐ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് പ്രതികളിൽ ഒരാളായ എസ്.വിജയൻ പറഞ്ഞു.

കേരളത്തില്‍ ഏറെ കോളിളളക്കം സൃഷ്ടിച്ച കേസായിരുന്നു ഐ.എസ്.ആർ.ഒ ചാരക്കേസ്. തിരുവനന്തപുരം ഐ.എസ്.ആർ.ഒ യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകി എന്നതായിരുന്നു ആരോപണം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News