ഐൻസ്റ്റീനെപ്പോലുള്ളവർ പോലും പ്രപഞ്ചത്തിന് പിന്നിൽ അദൃശ്യശക്തിയുണ്ടെന്ന് കരുതിയിരുന്നു; ജി മാധവൻ നായർ

ചന്ദ്രയാൻ-3 ലാൻഡ് ചെയ്ത സ്ഥലത്തിന് 'ശിവശക്തി' പോയിന്റ് എന്ന് പേരിട്ടതിന് പിന്നിലെ വിവാദം തെറ്റായ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ജി. മാധവൻ നായർ അവകാശപ്പെട്ടു.

Update: 2023-08-29 13:35 GMT
Advertising

തിരുവനന്തപുരം: വിശ്വാസം- ശാസ്ത്രം വിഷയത്തിൽ പൊതുജനങ്ങൾക്കിടയിൽ രൂക്ഷമായ സംവാദങ്ങൾ നടക്കവെ ശാസ്ത്രജ്ഞരുടെ വിശ്വാസത്തെ കുറിച്ച് പ്രതികരണവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ ജി. മാധവൻ നായർ. ആൽബർട്ട് ഐൻസ്റ്റീനെപ്പോലുള്ള മഹാന്മാരായ ശാസ്ത്രജ്ഞർ പോലും പ്രപഞ്ചത്തിനു പിന്നിൽ ഒരു അദൃശ്യ ശക്തിയുണ്ടെന്ന് കരുതിയിരുന്നതായും അതിനെ ദൈവമെന്നോ സൃഷ്ടാവെന്നോ വിശേഷിപ്പിച്ചിരുന്നതായും മാധവൻ നായർ പറഞ്ഞു.

ചന്ദ്രയാൻ-3 വിക്ഷേപണവുമായി ബന്ധപ്പെട്ട് ഐഎസ്ആർഒ ശാസ്ത്രജ്ഞർ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും നായർ പറഞ്ഞു. ഇതുസംബന്ധിച്ച് സോഷ്യൽമീഡിയയിൽ ചർച്ചകൾ സജീവമായിരിക്കെയാണ് മാധവൻ നായരുടെ പ്രതികരണം. ശാസ്ത്രീയ കാര്യങ്ങളുമായി ബന്ധപ്പെട്ട് മതപരമായ വിശ്വാസങ്ങൾ സ്വീകരിക്കുന്നതിൽ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിനോട് പൂർണമായും യോജിക്കുന്നതായും മാധവൻ നായർ വ്യക്തമാക്കി.

പ്രാർഥനകളും ആരാധനാലയങ്ങൾ സന്ദർശിക്കലും മാനസിക സം​ഘർഷങ്ങളിൽ നിന്നും ആശ്വാസം നേടാനുള്ള മാർ​ഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”മാനസിക സംതൃപ്തിക്ക് വേണ്ടിയാണ് പ്രാർഥനകൾ. നമ്മൾ ഒരു സങ്കീർണമായ ശാസ്ത്രീയ ദൗത്യം പിന്തുടരുമ്പോഴെല്ലാം ഒരുപാട് തടസങ്ങളും പ്രശ്നങ്ങളും ഉണ്ട്. എപ്പോൾ വേണമെങ്കിലും കാര്യങ്ങൾ തെറ്റായി പോകാം”.

”അതിനാൽ ശാന്തമായ മനസ് ഉണ്ടായിരിക്കുകയും തത്സമയം എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുകയും ചെയ്യണം. അതുവഴി നിങ്ങളുടെ തീരുമാനങ്ങൾ കൃത്യവും സമയബന്ധിതവുമാകാൻ കഴിയും. പ്രാർഥനകളും ആരാധനകളും ഇതിനൊക്കെ സഹായിക്കുന്നു”- അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം പ്രാർഥനകളും വിശ്വാസങ്ങളും ഏതെങ്കിലും പ്രത്യേക മതത്തിൽ പരിമിതപ്പെടുത്തിയിട്ടില്ലെന്നും ഒരാൾക്ക് സ്വന്തം ആരാധനാ രീതികൾ പിന്തുടരാമെന്നും നായർ പറഞ്ഞു.

അതേസമയം, ചന്ദ്രയാൻ-3 ലാൻഡ് ചെയ്ത സ്ഥലത്തിന് 'ശിവശക്തി' പോയിന്റ് എന്ന് പേരിട്ടതിന് പിന്നിലെ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അതു സംബന്ധിച്ചുള്ള വിവാദം പൂർണമായും തെറ്റായ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നായിരുന്നു ജി. മാധവൻ നായരുടെ മറുപടി. ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിയുടെ പിന്നിലെ ശക്തിയെയാണ് 'ശക്തി' സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

"നമ്മുടെ പണ്ഡിതരും ഋഷിമാരും ആ ശക്തിക്ക് ശിവൻ എന്ന് പേരിട്ടു. ആളുകൾക്ക് ആ ശക്തിയുടെ സങ്കൽപ്പം മനസിലാക്കാൻ കഴിയാത്തതിനാൽ പുരാണങ്ങൾ അതിനൊരു രൂപം നൽകി. അങ്ങനെയാണ് മനുഷ്യരൂപവും കൈലാസവും എല്ലാം വന്നത്. അത് മറ്റൊരു കാര്യമാണ്. 'ശക്തി' എന്നതാണ് അടിസ്ഥാന തത്വം. നമ്മൾ അതിന് പിന്നിൽ എന്തെങ്കിലും മതപരമായ ഉദ്ദേശ്യങ്ങൾ ഉണ്ടോയെന്ന് ആരോപിക്കേണ്ടതില്ല”- നായർ കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News