പണം കൊടുത്താൽ ഡിഗ്രി സർട്ടിഫിക്കറ്റ് റെഡി; തട്ടിപ്പ് യുജിസി അംഗീകാരവും തുല്യതാ സർട്ടിഫിക്കറ്റും വാഗ്ദാനം ചെയ്ത്

എഡ്യു സിഎഫ്‌സി എന്ന സ്ഥാപനമാണ് പരീക്ഷ കൂടാതെ ആറുമാസത്തിനകം സർട്ടിഫിക്കറ്റ് നൽകുന്നത്

Update: 2023-06-05 05:59 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പരീക്ഷ പോലും എഴുതാതെ ആറ് മാസം കൊണ്ട് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകാമെന്ന വാഗ്ദാനവുമായി ഏജൻസികൾ.ആറ് മാസം കൊണ്ട് പരീക്ഷ ഇല്ലാതെ തന്നെ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകാമെന്നാണ് എഡ്യു സി എഫ് സി എന്ന സ്ഥാപനത്തിന്റെ വാഗ്ദാനം. എൻജിനീയറിങ് അടക്കമുള്ള ബിരുദ -ബിരുദാനന്തര കോഴ്‌സുകളുടെ സർട്ടിഫിക്കറ്റുകളും നൽകുമെന്നും ഈ സ്ഥാപനം ഉറപ്പ് നൽകുന്നു.

ആറുമാസം കൊണ്ട് തട്ടിക്കൂട്ടി നൽകുന്ന ഈ സർട്ടിഫിക്കറ്റിന് കേരളത്തിലെ വിവിധ സർവകലാശാലകളുടെ തുല്യതാ സർട്ടിഫിക്കറ്റുകളും ഇവർ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇത് ശുദ്ധ തട്ടിപ്പാണെന്ന് കേരള സർവകലാശാല വൈസ് ചാൻസിലർ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോഴാണ് പ്രവേശനം നേടുന്നതെങ്കിലും മൂന്നുവർഷം മുൻപ് പ്രവേശനം നേടി എന്ന് കാട്ടിയാകും സർട്ടിഫിക്കറ്റ് നൽകുക.

ഉത്തരേന്ത്യൻ സർവ്വകലാശാലകളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് തരാം എന്നാണ് ഇവർ പറയുന്നത്. ഇതിൽ പ്രധാനം ഝാർഖണ്ഡ് ആസ്ഥാനമായ കാപ്പിറ്റൽ സർവകലാശാലയാണ്. കൂടാതെ രവീന്ദ്രനാഥ ടാഗോർ സർവകലാശാല, ജെയിൻ യൂണിവേഴ്‌സിറ്റി, സി വി രാമൻ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളും ഇവർ വാഗ്ദാനം ചെയ്യുന്നു.

സംസ്ഥാനത്തിനകത്ത് ഈ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം ലഭിക്കണമെങ്കിൽ ഇവിടുത്തെ ഏതെങ്കിലും സർവകലാശാലകൾ തുല്യതാ സർട്ടിഫിക്കറ്റ് നൽകണം. തിരുവനന്തപുരം സെൻററിൽ എംജി സർവ്വകലാശാലയിൽ നിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റ് കിട്ടും എന്ന് പറയുമ്പോൾ കോഴിക്കോട് സെന്ററിൽ കേരള - കണ്ണൂർ സർവകലശാലകളുടെ ഇക്വലൻസി സർട്ടിഫിക്കറ്റ് ഉറപ്പ് നൽകുന്നു.

2023 ലാണ് അഡ്മിഷൻ എടുക്കുന്നതെങ്കിലും 2019 - 22 വർഷത്തെ സർട്ടിഫിക്കറ്റാണ് ലഭിക്കുക. അതിലും ക്യാപ്പിറ്റൽ സർവകലാശാലയിൽ നിന്നുളള സർട്ടിഫിക്കറ്റാണെങ്കിൽ എളുപ്പത്തിൽ കിട്ടും.  എന്നാൽ ഇത് പൂർണ്ണമായും തട്ടിപ്പാണ് എന്ന് സർവകലാശാല അക്കാദമി കൗൺസിൽ അംഗങ്ങൾ തന്നെ വ്യക്തമാക്കുന്നു. തിരുവനന്തപുരം കൂടാതെ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും സ്ഥാപനത്തിന് ശാഖകളുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News