പത്തനംതിട്ട: പത്തനംതിട്ട അടൂരിലെ ഡിവൈഎഫ്‌ഐ പ്രവർത്തകനായ ജോയലിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി പിരിച്ചുവിടണമെന്നാവശ്യവുമായി കുടുംബം. 2020 നാണ് ജോയൽ അടൂർ പൊലീസിന്റെ ക്രൂരമർദനത്തിനിരയായത്. അച്ഛന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു അടൂർ സിഐ ആയിരുന്ന യു.ബിജുവിന്റെ നേതൃത്വത്തിലുള്ള ക്രൂരമർദനം.
ജനുവരി ഒന്നിനായിരുന്നു വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ജോയലിനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് കൊണ്ടുവന്ന് ക്രൂരമായി മർദിച്ചത്. സംഭവമറിഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തിചേർന്ന അച്ഛനെയും പിതൃ സഹോദരിയെയും പൊലീസ് ക്രൂരമായി മർദിച്ചു. മൂന്ന് മാസത്തെ ചികിത്സക്ക് ശേഷമാണ് ജോയൽ മരിച്ചത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നൽകിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
അപകടത്തെത്തുടർന്ന് സ്റ്റേഷനിൽ എത്തിച്ചതിന് ശേഷം ജോയലിനെ നാഭിക്ക് തൊഴിച്ചതായി പിതാവ് പറയുന്നു. ''മകനെ ഒരുപാട് ഇടിച്ചു. ഇടിക്കല്ലേ എന്ന് പറഞ്ഞപ്പോൾ എന്റെ കോളറിന് പിടിച്ച് പുറത്തേക്ക് തള്ളി. ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് ശിവൻകുട്ടി, ശ്യാം മോഹൻ എന്നീ പൊലീസുകാരാണ്' എന്ന് ജോയലിന്റെ പിതാവ് പറഞ്ഞു. സി ഐ ബിജുവും ഷിജു പി സാം, ജയകുമാർ, ശ്രീകുമാർ, സുജിത്ത്, സുരേഷ് എന്നീ പൊലീസുകാരും കുടുംബത്തിന്റെ മുന്നിൽ വെച്ച് ജോയലിനെ മർദിക്കുകയായിരുന്നു. അച്ഛൻ ജോയിക്കുട്ടിക്കും പിതൃ സഹോദരി കുഞ്ഞമ്മക്കും മർദനമേറ്റു.
സിഐ ബിജുവിന്റെ നേതൃത്വത്തിലുള്ള ആറംഗ പൊലീസ് സംഘം പിതൃസഹോദരിയെ ബൂട്ടിട്ട് വയറിൽ ചവിട്ടുകയും മകന്റെ തല ചുമരിൽ ഇടിക്കുകയും ചെയ്തതായും പിതാവ് ആരോപിച്ചു. മർദിച്ചതിന് ശേഷം പരാതിയില്ലെന്ന് ഒപ്പിട്ട് നൽകുകയാണെങ്കിൽ വിട്ടയക്കാം എന്ന് സിഐ പറഞ്ഞതായും പിതാവ് കൂട്ടിചേർത്തു.
മർദനത്തിനുശേഷം ജോയൽ സ്ഥിരമായി രക്തം ഛർദ്ദിക്കുകയും മൂത്രത്തിൽ രക്തവും പഴുപ്പും കാണുകയും ചെയ്തു. മൂന്നുമാസത്തെ ചികിത്സയ്ക്ക് ഒടുവിൽ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മെയ് 22ന് ഗുരുതരാവസ്ഥയിൽ ആകുകയും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കുടുംബം വിവരാവകാശം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകാൻ പൊലീസ് തയ്യാറായിട്ടില്ല. ഇതിനെ തുടർന്നാണ് കുടുംബം നിയമപോരാട്ടത്തിലേക്ക് ഇറങ്ങിത്തിരിക്കുന്നത്.
Full View