'നടന്നുപോയ എന്റെ കുട്ടിയെ വെള്ളത്തുണിയിൽ പൊതിഞ്ഞല്ലേ തിരിച്ചുതന്നത്'; താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബം

മോളുടെ ബിപി നോക്കണമെന്ന് നഴ്‌സിനോട് പറഞ്ഞപ്പോൾ ചൂടായെന്നും വഴക്ക് കൂടിയതിന് ശേഷമാണ് ഗ്ലൂക്കോസിടാൻ പോലും സമ്മതിച്ചതെന്നും മാതാവ് മീഡിയവണിനോട് പറഞ്ഞു

Update: 2025-08-16 06:34 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: താമരശേരിയില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി മരിച്ച സംഭവത്തില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുഞ്ഞ് അവശനിലയിൽ ആയപ്പോഴും പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ പറഞ്ഞുവെന്നും നഴ്സുമാർ മോശമായി പെരുമാറിയെന്നും മരിച്ച അനയയുടെ മാതാവ് റംബീസ മീഡിയവണിനോട് പറഞ്ഞു. രാവിലെ പത്തുമണിക്ക് ആശുപത്രിയിലേക്ക് നടത്തിക്കൊണ്ടുപോയ മകളെ വൈകിട്ട് വെള്ളത്തുണിയില്‍ പൊതിഞ്ഞാണ് തിരിച്ചുതന്നതെന്ന് മാതാവ് പറയുന്നു.

'രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ജനറൽ ഒപിയിൽ കാണിച്ചപ്പോൾ ഡോക്ടര്‍ ഛർദിക്ക് മരുന്ന് നൽകിയിരുന്നു.അവള്‍ക്ക് നല്ല പനിയും ഛർദിയും ഉണ്ട്. ശരീരം തളരുന്നുണ്ട്  എന്നൊക്കെ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. അതൊന്നും സാരമില്ലെന്നായിരുന്നു മറുപടി.  ക്വാഷാലിറ്റിയിൽ കൊണ്ടുപോയപ്പോൾ നാവിനടയിൽ വെക്കാനുള്ള മരുന്ന് നൽകി.രക്തം ടെസ്റ്റ് ചെയ്യാനായി കൊണ്ടുപോയപ്പോഴൊക്കെ എന്‍റെ കുട്ടി തളര്‍ന്ന് കിടക്കുകയായിരുന്നു. അവൾക്ക് ഗ്ലൂക്കോസ് കയറ്റേണ്ടേ എന്ന് ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്നാണ് ഡോക്ടർ മറുപടി പറഞ്ഞത്. ഒരുമണിക്കാണ് ബ്ലഡ് റിസൾട്ട് വന്നത്. ബ്ലഡിലെ കൗണ്ട് കൂടിയിട്ടുണ്ടെന്നും വേറെ കുഴപ്പമൊന്നുമില്ലെന്നുമാണ് ഡോകടർ എന്നോട് പറഞ്ഞത്.  അവൾക്ക് ക്ഷീണമുണ്ട്..അവളിങ്ങനെ കിടക്കില്ല, ഓടിച്ചാടി നടക്കുന്ന കുട്ടിയാണ് എന്നൊക്കെ പറഞ്ഞിട്ടും ഡോക്ര്‍മാരോ നഴ്സുമാരോ തിരിഞ്ഞുനോക്കിയില്ല'.. റംബീസ പറയുന്നു.

Advertising
Advertising

'മോളുടെ ബിപി നോക്കണമെന്ന് സിസ്റ്ററോട് പറഞ്ഞപ്പോൾ എന്നോട് ചൂടായി. പൈസ ഇല്ലാത്തത് കൊണ്ടല്ലേ ഞങ്ങളോട് ഇങ്ങനെയൊക്കെ ചെയ്തത്. ഒരു മണി വരെ അവള്‍ക്ക് ഒരു ചികിത്സയും കൊടുത്തില്ല. ഒരുമണിക്ക് മൂത്രം ടെസ്റ്റ് ചെയ്യാൻ വേണ്ടി ഡോക്ടർ എഴുതിത്തന്നു.പക്ഷേ അവള്‍ അപ്പോഴേക്കും തളർന്നുവീണിരുന്നു, എനിക്ക് എടുക്കാന്‍ പോലും പറ്റിയില്ല, ബോധവുമില്ലായിരുന്നു. നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും മുന്നിലൂടെയായിരുന്നു ഞാൻ മോളെയും കൊണ്ട് ബാത്‌റൂമിലേക്കും അവിടുന്ന് തിരിച്ചുമെല്ലാം വരുന്നത്. എന്നിട്ടും ആരും ഒന്നും ചോദിച്ചില്ല. രണ്ടര ആയപ്പോഴേക്കും അവൾ വിറക്കുകയും പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയും ചെയ്തു. പിന്നീട് വന്ന ഡോക്ടർ ഗ്ലൂക്കോസ് ഇടാൻ പറഞ്ഞു.  എന്നിട്ടും വഴക്ക് കൂടിയിട്ടായിരുന്നു നഴ്‌സ് ഗ്ലൂക്കോസിടാൻ പോലും സമ്മതിച്ചത്. സൂചി വെക്കുന്ന സമയത്ത് മോള് അനങ്ങിയപ്പോൾ അതിനും നഴ്‌സ് ചീത്ത പറഞ്ഞു. ബോധമില്ലാത്ത കുട്ടിയെയാണ് അവര്  വഴക്ക് പറഞ്ഞത്. അപ്പോളും എന്‍റെ മോള്‍ക്ക് പെട്ടന്ന് മാറും അവരൊക്കെ വിവരമുള്ള ആളുകല്ലേ, എന്റെ മോളെ തിരിച്ചു തരുമെന്ന് ഞാൻ വിചാരിച്ചു. മൂന്ന് മണിയായപ്പോൾ മോളുടെ വായിൽ നിന്ന് നുരയും പതയും വന്നു,ശരീരം നീലക്കളറാകുകയും ചെയ്തു. മൂന്നരക്കാണ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാനായി ഡോക്ടര്‍ പറയുന്നത്. അതുവരെ ഒരു ചികിത്സയും നൽകിയില്ല. നാലുമണിയായപ്പോഴാണ് ആംബുലൻസ് വന്നത്.   ഒരു കുഴപ്പവുമില്ലെന്നാണ് അപ്പോഴും സിസ്റ്റർമാർ പറഞ്ഞത്. ആംബുലന്‍സില്‍ വെച്ച് നോക്കിയപ്പോള്‍ അവള്‍ക്ക് പള്‍സുണ്ടായിരുന്നു.എന്നാല്‍ മെഡിക്കല്‍  കോളജിലെത്തി ഡോക്ടര്‍മാര്‍ നോക്കുമ്പോഴേക്കും എന്‍റെ മോള് പോയിരുന്നു..കണ്ണീരടക്കാതെ റംബീസ പറഞ്ഞു.

'അവർക്ക് കൃത്യമായ ചികിത്സ കൊടുക്കാൻ പറ്റിയിരുന്നില്ലെങ്കിൽ ആദ്യമേ പറയാമായിരുന്നു. ഈ ആശുപത്രിയിൽ ഇത്രയും സൗകര്യമേ ഉള്ളൂ.,.വേറെ ആശുപത്രിയിലേക്ക് കൊണ്ടുപോയ്‌ക്കോ എന്ന്...എവിടെയെങ്കിലും കൊണ്ടുപോയി എന്റെ കുട്ടിയെ രക്ഷപ്പെടുത്തുമായിരുന്നില്ലേയെന്നു മാതാവ് ചോദിക്കുന്നു. രാവിലെ 10 മണിക്ക് നടത്തിക്കൊണ്ടുപോയ കുട്ടിയെയാണ് വൈകുന്നേരമായപ്പോ  വെള്ളത്തുണിയില്‍ പൊതിഞ്ഞ് എന്‍റെ കൈയില്‍ തന്നത്. തക്കതായ ചികിത്സ കിട്ടാത്തതുകൊണ്ടാണ് എന്റെ മോള് പോയത്. കുട്ടിയുടെ മാതാവ് പറഞ്ഞു.

അതേസമയം,  നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി. വീടിന് സമീപമുള്ള കുളത്തിൽ കുട്ടി കുളിച്ചിരുന്നുവെന്നാണ് വിവരം. കുളത്തിലേത് ഉൾപ്പെടെ ജല സാംപിളുകൾ ആരോഗ്യവകുപ്പ് ശേഖരിക്കും. ബുധനാഴ്ച സ്കൂള്‍ വിട്ടുവന്നതിനുശേഷമാണ്  അനയയ്ക്ക് പനി ലക്ഷണങ്ങള്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. 

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News