സമരസഖാവിന് വിട: രാത്രിയിലും പ്രിയനേതാവിനെ കാണാൻ വഴിനീളെ ആയിരങ്ങള്‍
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്.
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങിയ വി.എസ് എന്ന വിപ്ലവ ഇതിഹാസത്തിന്റെ അവസാന യാത്ര തുടരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും വന്‍ ജനക്കൂട്ടമാണുള്ളത്.
കഴക്കൂട്ടത്ത് വലിയ ജനക്കൂട്ടമാണ് വിഎസിന് അന്ത്യാഞ്ജലിയർപ്പിക്കാനുണ്ടായിരുന്നത്. മഴയെ അവഗണിച്ചാണ് ആളുകൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. മൂന്നു മണിയോടെ കഴക്കൂട്ടത്ത് എത്തുമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടലെങ്കിലും ഏഴരയായി യാത്ര അവിടെയെത്തിയപ്പോൾ. തുടര്‍ന്ന് ആറ്റിങ്ങലിലേക്കാണ് നീങ്ങുന്നത്. ആറ്റിങ്ങലിൽ വൻ ജനാവലിയാണ് വിഎസിന് ഒരുനോക്ക് കാണാനായി എത്തിയത്.
വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകിയാകും പുന്നപ്രയിലെത്തുക. പുന്നപ്രയിലെ വീട്ടില്‍നിന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിലാണ് സംസ്‌കാരം.
watch video report