ഭൂനിയമ ഭേദഗതി ബില്ലിൽ ആശങ്കയറിയിച്ച് ഇടുക്കിയിലെ കർഷക സംഘടനകൾ

ഭരണഘടനാ വിവേചനമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലാന്റ് ഫ്രീഡം മൂവ്‌മെന്റ് ഗവർണർക്ക് പരാതി നൽകി

Update: 2023-09-22 02:46 GMT

ഇടുക്കി: നിയമസഭ പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലിൽ ആശങ്കയറിയിച്ച് ഇടുക്കിയിലെ ഒരു വിഭാഗം കർഷക സംഘടനകൾ. ഭരണഘടനാ വിവേചനമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലാന്റ് ഫ്രീഡം മൂവ്‌മെന്റ് ഗവർണർക്ക് പരാതി നൽകി. ധനസമ്പാദനമാണ് ഭൂ നിയമ ഭേദഗതി ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് പ്രധാന ആരോപണം.

1964 ലെ നാലാം ചട്ടത്തിൽ വീട് വയ്ക്കുന്നതിനും കൃഷി ചെയ്യുന്നതിനും എന്നുള്ളിടത്ത് മറ്റ് ആവശ്യങ്ങൾക്കും എന്ന് കൂടി ചേർത്താൽ ലളിതമായി പരിഹാരിക്കാവുന്ന പ്രശ്‌നം നിയമ ഭേദഗതിയിലൂടെ സങ്കീർണ്ണമാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനാ പ്രവർത്തകർ ഗവർണറെ സമീപിച്ചത്. നിലവിലെ നിർമാണങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും പിന്നീട് പിഴ ഈടാക്കി ക്രമവൽക്കരിക്കുകയും ചെയ്യുന്നത് അഴിമതിക്ക് വഴിയൊരുക്കുമെന്നാണ് ആരോപണം.

Advertising
Advertising

മറ്റ് നിയമങ്ങൾ ഉപയോഗിച്ച് നൽകപ്പെട്ട ഭൂരേഖകൾക്ക് എല്ലാ അവകാശങ്ങളും അനുവദിക്കുമ്പോൾ എൽ.എ പട്ടയ ഉടമകളുടെ ഭൂ വിനിയോഗം നിയന്ത്രിക്കുന്നത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുമെന്നും സർക്കാരിന് ബോധ്യപ്പെടുന്ന പക്ഷം നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി അനുമതി നൽകുമെന്നതിൽ ഭരണഘടനാ വിവേചനമുണ്ടെന്നും പരാതിയിൽ പറയുന്നു.

കയ്യേറ്റം നിയന്ത്രിക്കുന്നതിനും നടപടികൾ എടുക്കുന്നതിനും ഭൂസംരക്ഷണ നിയമവും ചട്ടവും നിലവിലുള്ളപ്പോൾ അതിന് ശ്രമിക്കാതെ ഭൂനിയമ ഭേദഗതി ബിൽ വഴി പട്ടയ നടപടികളിലടക്കം ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും ഗവർണർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News