Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: സംസ്ഥാന സിനിമ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള ഫിലിം കോൺക്ലേവ് ഇന്നും നാളെയുമായി തിരുവനന്തപുരത്ത് നടക്കും. നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കോൺക്ലേവിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥികളായി മോഹൻലാലും സുഹാസിനി മണിരത്‌നവുമെത്തും. രാജ്യാന്തര സിനിമാ പ്രൊഫെഷണലുകൾ ഉൾപ്പെടെ പങ്കെടുക്കുന്ന ചടങ്ങിൽ റസൂൽ പൂക്കുട്ടി, വെട്രിമാരൻ, പത്മപ്രിയ, നിഖില വിമൽ തുടങ്ങിയവരും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ഭാഗമാകും.
ചലച്ചിത്രമേഖലയുടെ വിവിധവശങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്ന കോൺക്ലേവിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒൻപത് വിഷയങ്ങളിൽ ചർച്ചകൾ നടത്തും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു കോണ്‍ക്ലേവ് സംഘടിപ്പിക്കണമെന്നത്. കോണ്‍ക്ലേവില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളുടേയും മറ്റും അടിസ്ഥാനത്തില്‍ ആറ് മാസനത്തിനകം സിനിമാ നയം പ്രഖ്യാപിക്കുകയാണ് സർക്കാർ ലക്ഷ്യം.