ഹജ്ജ് വളണ്ടിയർ ജോലിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ്: നടക്കാവ് പൊലീസ് കേസെടുത്തു

സാമൂഹിക മാധ്യമങ്ങൾ വഴി ഹജ്ജ് വളണ്ടിയർ ജോലി ഒഴിവുണ്ടെന്ന് പരസ്യം നൽകിയാണ് തട്ടിപ്പിന് അരങ്ങൊരുക്കിയത്

Update: 2023-04-13 12:50 GMT
Advertising

കോഴിക്കോട്: ഹജ്ജ് വളണ്ടിയർ ജോലിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. ഷറഫലി, റിയാസ് ബാബു, സനൂപ്, ശിഹാബ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരിൽ ഷറഫലി, റിയാസ് ബാബു, സനൂപ് എന്നിവർ ഒളിവിലാണുള്ളത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മാക്വറ്റ് എഫ്.സെഡ്.സി ഏജൻസിയുടെ മറവിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ 500 ലധികം ആളുകൾക്ക് 10000 രൂപ വീതം നഷ്ടപ്പെട്ടു.

സാമൂഹിക മാധ്യമങ്ങൾ വഴി ഹജ്ജ് വളണ്ടിയർ ജോലി ഒഴിവുണ്ടെന്ന് പരസ്യം നൽകിയാണ് തട്ടിപ്പിന് അരങ്ങൊരുക്കിയത്. 10,000-20,000 രൂപ വരെ രജിസ്‌ട്രേഷൻ ഫീസ് നൽകിയവരുണ്ട്. മൂന്നു മാസത്തിനിടയിലാണ് തട്ടിപ്പ് നടന്നത്. രജിസ്‌ട്രേഷന് ശേഷം മുംബൈയിലേക്കും പിന്നീട് സൗദിയിലേക്കും എത്തിക്കുമെന്നാണ് അപേക്ഷിച്ചവർക്ക് ഏജൻസി വിവരം നൽകിയിരുന്നത്. ഇവരുടെ പാസ്‌പോർട്ടടക്കമുള്ള രേഖകൾ വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ നിശ്ചിത ദിവസത്തിന് ശേഷം യാതൊരു കാര്യവും നടക്കാത്തതിനാൽ അപേക്ഷകർ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിയുകയായിരുന്നു. മംഗലാപുരത്ത് നിന്നുള്ളവരും സ്ത്രീകളുമൊക്കെ സംഭവത്തിൽ ചതിക്കപ്പെട്ടിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ് നേരെത്തയെത്തിയ ചിലർക്ക് പാസ്‌പോർട്ട് തിരികെ ലഭിച്ചിരുന്നു. എന്നാൽ പണം ലഭിച്ചിട്ടില്ല.


Full View

Financial fraud under the guise of Haj volunteer work: Nadakavu police registered a case.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News